Tuesday 3 October 2017

കാറ്ററിംഗ്

             മുന്നകുമാരിയെ കിട്ടണമെങ്കിൽ ജോലി വേണം , പൈസ വേണം . അതിന് ബാഗും തൂക്കി കോളേജിലേക്ക് തന്നെ പോയിട്ട് കാര്യമില്ല എന്നോർത്താണ് പോളി പഠിത്തം കഴിഞ്ഞപ്പോൾ നെറ്റ് വർക്കിങ് പഠിച്ചാൽ ജോലി എളുപ്പം കിട്ടും എന്ന് കരുതി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത് .
            അങ്ങനെ അമ്മ ഉണ്ടാക്കുന്ന ഓട്ടടയും ചെറുപയറും ,എബിസി ഫാബ്രിക്കേഷന്റെ കോണിപ്പടിയിലെ കൂട്ടം കൂടിയിരുന്നുള്ള സിഗരറ്റു വലിയും മനസില്ലാ മനസോടെ ത്യജിച്ചു ഞാൻ ബാംഗ്ലൂരിലേക്ക് വെച്ച് പിടിച്ചു.

ആദ്യം ചെന്ന ഒരു ഓളത്തിന് കയ്യിൽ ക്യാഷ് ഉണ്ടായിരുന്നത് കൊണ്ട് നല്ല മലയാളി ഫുഡ് കിട്ടുന്ന ഇത്തിരി സൗകര്യം കൂടിയ പിജി യിൽ തന്നെ റൂമെടുത്തെങ്കിലും രണ്ടു മാസത്തിനു ശേഷം , നാട്ടിൽ നിന്ന് പണിയും തെണ്ടി വന്നിട്ട് ജാഡ കാണിച്ചോണ്ടിരുന്നിട്ട് കാര്യമില്ല പോക്കറ്റ് കാളിയാകുകയേ ഉള്ളു എന്ന് മനസിലാക്കിയ ഞങ്ങൾ സൗകര്യം ഇത്തിരി കുറഞ്ഞാലും തെലുങ്കന്മാരുടെ പതങ്കിയും ചപ്പാത്തിയും മൂന്നു നേരം കിട്ടുന്ന പിജി യിലേക്ക് മാറി .

കാസർഗോടൻമാരായ നാല് അടകോടൻമാരായിരുന്നു അവിടെ സഹമുറിയന്മാർ . പട്ടിണി കിടന്നു പൈസ സേവ് ചെയ്യുകയും , ആ പൈസക്ക് വീക്കിലി കള്ളു കുടിക്കുകയും ചെയ്യുന്ന എക്കണോമിസ്റ്റുകൾ . ജോലി തെണ്ടി വന്നവരാണെങ്കിലും യാതൊരു ടെൻഷനും ഇല്ലാതെ , ജീവിതം ജിംഗലാല ആയി നടക്കുന്ന ഗഡീസ് . നോർത്ത് ഇൻഡ്യന്മാർ പറയും " ബിന്ദാസ് ".

ജീവിതത്തെക്കുറിച് എത്ര ഉയർന്ന ചിന്താഗതി ഉണ്ടെങ്കിലും ഭാവിയെക്കുറിച് വ്യാകുലത ഉണ്ടെങ്കിലും മുന്നിലിരുന്നു മടമടാ കള്ളു കുടിക്കുന്നത് കാണുമ്പോഴും  മിച്ചർ വാരി അണ്ണാക്കിൽ പൊത്തുന്നത് കാണുമ്പോഴും  ആരാണ് ഒന്ന് പതറി പോവാതിരിക്കുക . ജോലി കിട്ടിയിട്ടേ മറ്റു ചിന്തകളിലേക്ക് ശ്രദ്ധ മാറൂ എന്ന് ഉറപ്പിച്ചിരുന്ന ഞാൻ ഒരു ദുർബല നിമിഷത്തിൽ ഞാനും ഉണ്ട് എന്ന് പറഞ്ഞ് 100 രൂപ കട്ട ഇടുകയും , രാജേശ്വരി ഔട്‍ലെറ്റിൽ നിന്ന് എത്തിച്ച  എംസി യും അച്ചാറും നിരത്തി പിജിയുടെ ടെറസ്സിൽ വട്ടത്തിരുന്നപ്പോൾ കൂടെ ഇരിക്കുകയും ചെയ്തു .

കൂട്ടത്തിൽ ശുദ്ധനും താരതമ്മ്യേന കള്ളു കുടിയിൽ കഴിവ് കെട്ടവനും ആയ ഞാൻ ഒരു പെഗ് തീർക്കുമ്പോൾ ബാക്കി ഉള്ളവർ രണ്ടും രണ്ടരയും പെഗ്ഗുകൾ അടിച്ചു കഴിവ് തെളിയിക്കുന്നുണ്ടായിരുന്നു . മൂക്ക് പൊത്തിയും വന്ന ഛർദിൽ വാ പൊത്തി അകത്തേക്ക് തന്നെ വിട്ടും മൂന്നു പെഗ്ഗ് അടിച്ചു തീർത്തപ്പോഴേക്കും എൻ്റെ കിളി പോവാൻ തുടങ്ങിയിരുന്നു . അപ്പോഴേക്കും കൂടെയുള്ള മഹാരഥന്മാർ അടിച്ചു തീർത്തത്തിന്റെ കണക്കുകൾ ഇന്നും വ്യക്തമല്ല .
നേരിയ ഓർമയിൽ ചുറ്റുമുള്ള ലോകത്തെ കണ്ടറിഞ്ഞു കൊണ്ടിരുന്ന സമയത്തു , അടകോടന്മാരിൽ  മുഖ്യൻ ധനേഷ് , കഴിഞ്ഞ ദിവസം ഫാൻ ഓഫ് ചെയ്യാതെ പോയതിന് പിജി സെക്യൂരിറ്റി ചീത്ത പറഞ്ഞതിൽ പ്രതിഷേധിച്ചു ഉറക്കെ അയാളെ തെറി പറയുകയും കയ്യിലിരുന്ന കുപ്പി അടുത്തുള്ള മതിലിൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു .
 തല പെരുത്ത് ടെറസ്സിൽ മലർന്നു കിടന്ന ഞാൻ വെള്ളത്തിലൂടെ ഒഴുകുന്ന പോലെ ഒരു ഫീല് വന്നത് എന്താണെന്നു തല പൊക്കി നോക്കിയപ്പോഴാണ് അടിച്ച കള്ളിന്റെ പെരുപ്പ് മൊത്തം വലിഞ്ഞു പോയ ആ സത്യം മനസിലാക്കിയത് .
പള്ളൻ ധനേഷ് തലക്ക് കയ്യും കൊടുത്തു നിൽക്കുന്നു , ബാക്കി ഉള്ള 3 കാസര്കോടന്മാർ എവിടെയൊക്കെയോ കയ്യും കൊടുത്തു നില്കുന്നു . ടെറസ്സ് മൊത്തം വെള്ളം ഒഴുകുന്നു .  സെക്യൂരിറ്റിയോട് പ്രതിഷേധിച്ചു പള്ളൻ കുപ്പി അടിച്ചു പൊട്ടിച്ചത് 200 പേർ താമസിക്കുന്ന പിജി യിൽ വെള്ളം ചൂടാക്കുന്ന സോളാർ ഹീറ്റർ ആയിരുന്നു . പാനൽ പൊട്ടി വെള്ളം മുഴുവൻ താഴേക്ക് ഒലിച്ചു പോവുകയാണ് .

എത്ര ഉഴുന്നാട്ടിയാലും ഉള്ളിച്ചാക്ക് ചുമന്നാലും ഇതിന് കോമ്പൻസേഷൻ കൊടുക്കാൻ കൂട്ടിയാൽ കൂടില്ല എന്ന് അറിയാവുന്ന ഞങ്ങൾ രാത്രിക്ക് രാത്രി അവിടെ നിന്ന് ബാഗും പെട്ടീം എടുത്ത് സെക്യൂരിറ്റി കാണാതെ സ്കൂട് ആവുകയായിരുന്നു .

അങ്ങനെ ശിവാജി നഗറിൽ മുങ്ങിയ ഞങ്ങൾ പൊങ്ങിയത് മടിവാളയിൽ ആയിരുന്നു . വല്ലവന്റെയും ഔദാര്യത്തിൽ നിക്കണ്ട എന്ന് പറഞ്ഞ് സ്വന്തമായി വാടകക്ക് വീടെടുക്കാൻ തീരുമാനിച്ചത് അഭിമാനപ്രശ്‍നം അല്ലെന്നും തിന്നില്ലെങ്കിലും ആരെയും പേടിക്കാതെ കള്ളു കുടിക്കാമല്ലോ എന്ന കാസര്കോടന്മാരുടെ കൂട്ടായ തീരുമാനമാണെന്നും ഞാൻ പിന്നെയാണ് മനസിലാക്കിയത് .

അങ്ങനെ നെറ്റ് വർക്കിംഗ് പഠിത്തവും റൂം വാടകയും വണ്ടിക്കൂലിയും എല്ലാം കൂടെ ആയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആരംഭിച്ചപ്പോൾ വല്ലപ്പോഴും ഒരു വരുമാനം എന്ന നിലക്ക് കാറ്ററിംഗ് വർക്കുകൾക്ക് പോവാൻ തുടങ്ങുകയായിരുന്നു .
നല്ല ഫുഡും മാക്സിമം പോയാൽ 5  മണിക്കൂർ ജോലിയും. നല്ലൊരു ഓപ്ഷൻ ആയിരുന്നു ആ സമയത് കിട്ടുന്ന കാറ്ററിംഗ് വർക്കുകൾ . ചില സ്ഥലങ്ങളിൽ പ്രായത്തിനു മൂത്ത ചിലരുടെയും തലക്കനം മൂത്ത ചിലവരുടെയും ആറ്റിട്യൂട് പ്രോബ്ലം നമ്മുടെ അഭിമാനത്തിന് കോട്ടം വരുത്താറുണ്ടെങ്കിലും അതൊക്കെ റിക്കവർ ചെയ്ത് ഞങ്ങൾ കാറ്ററിംഗ് ജോലിക്ക് പോയിക്കൊണ്ടിരുന്നു .

ആയിടക്കാലത്തു കിട്ടിയ ഒരു സിന്ധിക്കല്യാണത്തിന് ഹാളിൽ എത്തുന്ന വരെ നല്ല പ്രതീക്ഷ ആയിരുന്നു . മൂന്നോ നാലോ മണിക്കൂർ വിളമ്പു പണി അത് കഴിഞ്ഞാൽ നല്ല ചിക്കനും മട്ടനും അടിച്ചു പൈസയും വാങ്ങി റൂമിൽ പോയി സുഖ ഉറക്കം . ഇതായിരുന്നു മനസ്സിൽ . എന്നാൽ ചെന്നപ്പോ തന്നെ സംഗതി വെജിറ്റേറിയൻ ആണെന്ന് കേട്ടപ്പോൾ തന്നെ ഉള്ള എനർജി പോയെങ്കിലും പണി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ .

ടീം ലീഡര് തന്ന വെള്ളക്കുപ്പായത്തിൽ എന്നെപ്പോലത്തെ നാല് പേർക്ക് കൂടി കയറി നിൽക്കാനുള്ള സ്ഥലമുണ്ടായിരുന്നു , വെള്ള തൊപ്പിയും കൂടി ഇട്ടപ്പോൾ വൈറ്റ്നർ കൊണ്ട് ഒരു വര വരച്ച പോലെ ആയിരുന്നു എന്റെ കോലം .
എന്തൊക്കെയോ പച്ചക്കറിയും അരിഞ്ഞ്  വെളിച്ചെണ്ണയിൽ മുക്കി പല കളറിൽ ആക്കി ഓരോ വട്ടി യിൽ നിറച്ചു വെച് അതിന്റെ കാവലിന് ഞങ്ങളെയും നിർത്തി റിസപ്ഷൻ ആരംഭിച്ചു . വീട്ടിൽ വെള്ളം നിറച്ചു വെക്കുന്ന ബിദാവിന് കുപ്പായം ഇട്ട കണക്ക് ശരീരമുള്ള ആൾക്കാരൊക്കെ ഓരോ സ്പൂൺ ഉപ്പേരിയും അച്ചാറും ഒക്കെ പ്ളേറ്റില് എടുത്ത് കൊണ്ട് പോയി ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോൾ , കല്ല് ചെത്താൻ പോണ ചേക്കുണ്ണിയേട്ടന്റെ മോളെ കല്യാണത്തിന് മൂന്ന് വട്ടം ബിരിയാണി തിന്നതൊക്കെ ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .

 മൂന്നു മൂന്നര മണിക്കൂർ നിന്ന നില്പിൽ വിളമ്പി കൊടുത്തിട്ടും തടിയന്മാർ വരവും തീറ്റിയും നിർത്തുന്നില്ല . ശരീരത്തിന്റെ ഉസ്‌ബസ്‌കിസ്താന്റെ സ്‌ഥാനത്തു ഒരു വേദനയും അതിർത്തികളിൽ കഴപ്പും തുടങ്ങിയപ്പോൾ ഇനി എവിടെയെങ്കിലും ഇരിക്കാതെ ശെരിയാവില്ല , ഇരിക്കാണെങ്കി കഴിക്കുകയും ചെയ്യാം എന്ന് കരുതി കോട്ടേം വെട്ടീം കൂടെ ഉള്ള ഒരുത്തനെ ഏൽപ്പിച്ചു  ളോഹയും കയ്യുറയും ഊരി വെച്ചു ബാക്ക് സൈഡിലൂടെ ഷർട്ടും ഇന്സേര്ട് ചെയ്ത് കല്യാണത്തിന് വന്ന ഗസ്റ്റിനെ പോലെ ഞാൻ കഴിക്കുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ ബാക്കിൽ നിന്ന് ഒരു തോണ്ടൽ , അവിടത്തെ ടീം ലീഡർ ആണ് .  "" എന്താ ഇവിടെ ? അങ്ങോട്ട് ചെല്ല് . വേഗം തീർത്താൽ വേഗം പോവാ  "" .

   അയാളുടെ കണ്ണിൽപ്പെട്ടത് കഷ്ടമായെന്നോർത് ഞാൻ പിന്നിലേക്ക് തിരിച്ചു നടക്കുന്നത് പോലെ ഭാവിച്ചെങ്കിലും പുള്ളി പോയെന്ന് മനസിലാക്കി വീണ്ടും കഴിക്കാൻ ഉള്ള ഭാഗത്തേക്ക് നടന്നു . ഒരു പ്ളേറ്റും എടുത്ത് ആൾക്കാർ കഴിക്കാൻ വരി നിൽക്കുന്നിടത്തേക്ക് അവരിൽ ഒരാളായി ഞാൻ ചെന്ന് നിന്നു . ഞാൻ അങ്ങോട്ട് ചെന്നതും മുന്നിൽ നിന്ന ഒരു പരിഷ്കാരി അമ്മച്ചി എന്നോട് കലപില എന്തൊക്കെയോ പറഞ്ഞു , ഞാൻ ഒന്നും മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ കൂടെ നിന്ന മീശയില്ലാത്ത ഒരുത്തൻ എന്നോട് , " പ്ളീസ് സെർവ് ദിസ് " എന്ന് പറഞ്ഞു , ഏതോ ഒരുത്തൻ ഉസ്‌ബസ്‌കിസ്താൻ വേദന വന്നപ്പോൾ ഇട്ടേച്ചു പോയ ഉപ്പേരിയുടെ ഒരു വട്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു . അതിലേക്ക് ചൂണ്ടി ആണ് അയാൾ പറഞ്ഞത് , ശെടാ. യൂണിഫോം ഒക്കെ ഊരിയിട്ടിട്ടും ഇവന്മാർ കണ്ടു പിടിച്ചോ .
ഞാൻ പിറുപിറുത്തു കൊണ്ട് കൂടി നിന്നവർക്കെല്ലാം ഉപ്പേരി വിളമ്പി കൊടുത്തു കിട്ടിയ ചാൻസിന് ആള് കുറഞ്ഞപ്പോൾ പുറത്തിറങ്ങി പിന്നെയും വേറൊരു കൗണ്ടറിൽ കഴിക്കാൻ ചെന്നു . അവിടെ ചെന്നപ്പോഴും വേറൊരു അമ്മച്ചി എന്നോട് കൗണ്ടറിൽ നിന്ന് പെപ്സി എടുത്ത് കൊടുക്കാൻ പറഞ്ഞു .
മൂന്നു നാല് വട്ടം ഇത് തന്നെ ആവർത്തിച്ചപ്പോഴും ഇത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായില്ല .

 അവസാനം കഴിക്കൽ ശ്രമം മുഴുവൻ പരാജയപ്പെട്ട് വിളമ്പൽ മൊത്തം കഴിഞ്ഞ് പ്രാന്ത് പിടിച്ചു കഴിക്കാൻ വേണ്ടി കൈ കഴുകാൻ ചെന്ന് കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു  രഹസ്യം പിടി കിട്ടിയത് .

വെള്ള കോട്ടും കയ്യുറയും ഊരിയിട്ട് ഗസ്റ്റിനെപ്പോലെ കഴിക്കാൻ  പോകുമ്പോൾ തലയിലെ ബക്കറ്റു പോലുള്ള കടലാസ്സ് തൊപ്പി ഊരിയിടാൻ മാത്രം ഞാൻ മറന്നിരുന്നു .

No comments:

Post a Comment