Sunday 1 October 2017

സാതി

           സാതി, അതായത് സ്വാതി . മൂത്ത അമ്മായീന്റെ മൂന്നു സൽപുത്രികളിൽ  രണ്ടാമത്തെ മകൾ . സമപ്രായക്കാർ  .
ചെറുപ്പം മുതലേ നല്ല ഒരുമ ആയിരുന്നു ഞങ്ങൾ തമ്മിൽ . സ്കൂൾ അവധിക്ക് വീട്ടിൽ നിക്കാൻ മൂന്നെണ്ണത്തിനെയും കൊണ്ട് അമ്മായി വരുന്ന ദിവസം തൊട്ട്  "" അപ്പൂസ് കപ്പൂസ് ഉള്ള വീട്ടിലേക്ക് ഞാൻ ഇനി മേലാൽ വരൂല  "" എന്നുറക്കെ കാറിക്കൊണ്ട് സാതി തിരിച്ചു വീട്ടിലേക്കു പോവുന്ന ദിവസം വരെ ഞങ്ങൾ അമ്മാതിരി അടിയായിരുന്നു .
പുളിയച്ചാർ വാങ്ങി അവൾക്ക് കൊടുക്കാതെ  തിന്ന ഇഷ്യൂവിന്റെ പേരിൽ ഞങ്ങൾ ഉണ്ടാക്കിയ തല്ല് അവസാനം നാത്തൂന്മാർ തമ്മിൽ  വാക്കേറ്റം ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട് .
ഇത്തരത്തിൽ ഞങ്ങൾ ബദ്ധ ശത്രുക്കൾ ആണെങ്കിലും അങ്ങേയറ്റത്തെ ഒരുമ കാണിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .
ഒരിക്കൽ സാതിയുടെ അനിയത്തികൊച്ചിന് കഴിക്കാൻ പഴം വാങ്ങാൻ മയമാക്കന്റെ കടയിലേക്ക് ഞങ്ങളെ രണ്ടു പേരെയും വിട്ടു . ബാക്കി പൈസ ഉണ്ടെങ്കിൽ മുട്ടായി അനക്ക് തരൂല എന്ന ഭീഷണി എല്ലാം ഞാൻ മുഴക്കി എങ്കിലും ഒറ്റ പൈസ ബാക്കി വരാതിരുന്നത് ഞങ്ങളെ രണ്ടു പേരെയും നിരാശരാക്കി . അങ്ങനെ 4  നേന്ത്രപ്പഴം കവറിൽ ആക്കി കയ്യിൽ തൂക്കി പിടിച്ചു ഞാൻ മുന്നിലും സാതി പിന്നിലുമായി വീട്ടിലേക്ക് നടന്നു.
"" ഇത് എന്റെ വീട്ടിലേക്ക് ഉള്ള സാധനമല്ലേ , എന്റെ അമ്മ അല്ലെ പൈസ തന്നത് , പിന്നെ ഇത് എന്റെ വീടല്ലേ , ഇവൾ ഇങ്ങോട്ട് വിരുന്നു വന്നതല്ലേ , ഒന്നും പോരാത്തതിന് ഞാനൊരു ആണല്ലേ . "" അപ്പൊ ഈ പഴത്തിൽ എനിക്ക് തന്നെ അവകാശം എന്നുറപ്പിച്ചു ഒരു പഴം എടുത്ത് ഞാൻ തൊലി പൊളിച്ചു കടിച്ചു .
തൽക്ഷണം എനിക്ക് തടുക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നതിനു മുൻപ് സാതിയും കവറിൽ കയ്യിട്ട് ഒന്ന് എടുത്തു തിന്നാൻ തുടങ്ങി .  അനുവാദം ചോദിക്കാതെ എടുത്ത പഴം എന്റെ മുഖത്തേക്ക് പോലും നോക്കാതെ തിന്നുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി .
അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ പിന്നെ കച്ചറക്ക് സ്കോപ്പില്ലാത്തതു കൊണ്ട് തോൽവി സമ്മതിക്കാതെ ഞാൻ അടുത്ത പഴവും ഞാൻ സ്റ്റാർട്ട് ചെയ്തു . ആദ്യത്തെ പോലെ തന്നെ അവൾ വീണ്ടും കവറിലേക്ക് കയ്യിട്ടപ്പോൾ ഞാൻ തടുത്തു . " ഇനി എടുക്കണ്ട " എന്നാൽ  എന്റെ എതിർപ്പിനെ പുല്ലു വില കൽപ്പിച്ചു കൊണ്ട് അവൾ കവർ വലിച്ചു കീറി അവസാനത്തെ പഴവും തൊലിച്ചു തിന്നു .
ഞാൻ നിസ്സഹായനായി അവളെ നോക്കി . വീട്ടിലെന്ത് പറയും . അവൾക്ക് യാതൊരു കൂസലുമില്ല , എന്തൊരു ധൈര്യമാണ് അവൾക്ക് . ഇങ്ങനെയുണ്ടോ പെൺകുട്ടികൾ .
ഒഴിഞ്ഞ കയ്യുമായി വീട്ടിലേക്ക് കേറി ചെന്ന ഞങ്ങളെ ആരതിയുഴിഞ്ഞ് സ്വീകരിച്ചതിനു പുറമെ , പുഷ്പാർച്ചന , തേങ്ങയുടക്കൽ , ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങൾക്ക് വീട്ടിലെ മുതിർന്നവർ ഓരോരുത്തരായി വിധേയരാക്കി .

അച്ഛൻ സൗദിയിൽ നിന്നും ലീവിന് വന്ന സമയത്ത് ഒരു ബൈക്ക് വാങ്ങിയിരുന്നു . ഞങ്ങളുടെ കുടുംബത്തിലെയും ആ നാട്ടിലെയും ആദ്യത്തെ ബൈക്ക് . ഒരു സെക്കൻഡ്ഹാൻഡ് സിഡി നൂറ് . ആറ്റു നോറ്റു വാങ്ങിയ ബൈക്ക് ആയതിനാൽ അതിൽ പല മിനുക്കു പണികളും അച്ഛൻ ചെയ്തു കൊണ്ടിരുന്നു .
വല്യ മാമന്റെ വരവ് പ്രമാണിച്ചു അമ്മായിയും സാതിയും ഒക്കെ വീട്ടിലുള്ള സമയത്താണ് അച്ഛൻ ഒരു പാട്ട പെയിന്റ് വാങ്ങി കൊണ്ട് വന്ന് ബൈക്കിനെ ഒന്ന് പെയിന്റ് അടിക്കാൻ തീരുമാനിച്ചത് . എന്റെ അച്ഛന് ബൈക്ക് ഉള്ളതും അവളുടെ അച്ചന് ബൈക്ക് ഇല്ലാത്തതും കാരണം ഞാൻ സാമാന്യരീതിയിൽ ജയിച്ചു നിൽക്കുന്ന സമയത്താണ് ഈ സംഭവം . അവളുടെ മുന്നിൽ വെച്ച് വണ്ടിയിൽ കയറുക ഹോൺ അടിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നത് കാണുമ്പൊൾ ദേഷ്യം കാണിക്കാൻ അവൾ മൂക്ക് വീർപ്പിച്ചിരുന്നു .

അങ്ങനെ അന്ന് വണ്ടിയുടെ പെയിന്റടി കഴിഞ്ഞ് വണ്ടി മെല്ലെ വിറകു പുരയുടെ തൂണിൽ ചാരി ഉണങ്ങാൻ വെച്ച് അച്ഛൻ എങ്ങോട്ടോ പോയി . പതിവ് പോലെ വണ്ടി നിർത്തിയിട്ടത് കണ്ട ഞാൻ വലിഞ്ഞു കയറി ഹാൻഡിൽ പിടിച്ചു തിരിച്ചു കളിക്കാൻ തുടങ്ങിയപ്പോൾ പതിവിനു വിപരീതമായി സാതിയും ഓടി വന്നു ബൈക്കിൽ കയറി . സ്റ്റാൻഡിൽ അല്ലാതിരുന്ന വണ്ടി തൂണിൽ ചാരി താഴെ വീണു . പിടഞ്ഞെഴുന്നേറ്റ ഞങ്ങളെ കണ്ട് അമ്മ ഓടി വന്നു ബൈക് എടുത്ത് പൊക്കി യഥാസ്ഥാനത്തു വെച്ചു . ദാ കിടക്കുന്നു നല്ലൊരു കേരളത്തിന്റെ മാപ് ബൈക്കിന്റെ ടാങ്കിൻമേൽ . നല്ലൊരു ഭാഗം പെയിന്റ് മൊത്തം ചുരണ്ടി പോയിരിക്കുന്നു .
എന്റെ നാവ് ഒക്കെ വറ്റി , ഞാൻ സാതിയോടു പറഞ്ഞു , "" ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും , നല്ലോണം കിട്ടിക്കോളും ട്ടോ "" . ഇപ്പൊ അവൾക്കും എന്റെ അത്ര തന്നെ പേടി വന്നിട്ടുണ്ട് . ഞങ്ങൾ രണ്ടാളും വണ്ടിയിലേക്ക് നോക്കി ഊരക്ക് കയ്യും കൊടുത്ത നെടുവീർപ്പിട്ടു . എന്നാൽ അമ്മ എന്നെ നോക്കിയാണ് "" നല്ലോണം കിട്ടും അച്ഛനോട് "" എന്ന് പറഞ്ഞത് . അത് എന്റെ പേടി ഒന്ന് കൂടി കൂട്ടി .
പിന്നെ അങ്ങോട്ട് അച്ഛൻ പുറത്തു പോയി വരുന്ന വരെ കനത്ത നിശബ്ദതയാണ് ഞങ്ങള്ക് രണ്ടു പേർക്കും . ഇടയ്ക്കിടെ അച്ഛമ്മ " ഇനിയിപ്പോ ഓൻ വന്നാൽ എന്താ ണ്ടാവാന്ന് അറീല്ല " എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ വീണ്ടും നെടുവീർപ്പിട്ടു .
ഞങൾ രണ്ടു പേരും വരാൻ പോകുന്ന വിപത്തിനെ മനസ്സിൽ ഓർത്തു . അറക്കാൻ പോണ ആടിന് കഞ്ഞിവെള്ളം കൊടുക്കുന്നത് ഓർമിപ്പിച്ചു കൊണ്ട് രണ്ടു പ്ളേറ്റുകളിൽ പൂള പുഴുങ്ങിയത് അച്ഛമ്മ എടുത്ത് ഞങ്ങൾക്ക് തന്നു . ചാവാൻ പോവുന്നവനെന്തിനാ പൂള , പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒക്കെ ഉണ്ടാവും അവസാനം കഴിച്ചത് പൂള ആണെന്ന് , അയ്യേ . എനിക്ക് തിന്നാൻ കഴിഞ്ഞില്ല . നല്ല പേടി ഉണ്ട് . ഇറങ്ങുന്നേ ഇല്ല . ഞാൻ സാതിയെ നോക്കി . അവൾ വെട്ടി വിഴുങ്ങുന്നുണ്ട് . ഇപ്പോഴും അവൾ ആരെയും ശ്രദ്ധിക്കുന്നില്ല . പുഴുങ്ങിയ പൂളയിൽ ആണ് ഫുൾ കോൺസെൻട്രേഷൻ . തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ട്. എന്നാലും ഒരാൾക്ക് പേടിച്ചിരിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ പൂള തിന്നാൻ പറ്റുന്നത് . അവസാനത്തെ തീറ്റ ആണെന്ന് കരുതിയിട്ടാവുമോ , അങ്ങനെ ആണെങ്കിൽ പാവം തിന്നട്ടെ . ഞാൻ തിന്നില്ല . 

അച്ഛമ്മ വേഗത്തിൽ കോലായിലേക്ക് നടക്കുന്നത് കണ്ടു . അതെ, ഞങ്ങൾ പേടിച്ചിരുന്നു ആ രംഗം ആയി , അച്ഛൻ തിരിച്ചെത്തി . അച്ഛമ്മ അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ട് , അനുനയനശ്രമമാണ് . അച്ഛൻ മുഖത്തു 10 കിലോ കനം തൂക്കി ഇട്ടു കൊണ്ട് വണ്ടി നിരീക്ഷിച്ചു . 

" അപ്പു ഇവടെ വാ " കൊലവിളി . ദൈവമേ ഞാനിതാ വരുന്നേ , "" ഏഹ് എന്താ വിളിച്ചത് ? അപ്പു എന്നോ , അപ്പൊ സാതി ?? " ആലോചിക്കാൻ സമയം കിട്ടുന്നതിന് മുൻപ് അടുത്ത വിളി വന്നു . ഞാൻ സാതിയെ നോക്കി അവൾ വായ നിറച്ചു പൂള തിരുകി വെച്ച് എന്നെ നോക്കുകയാണ് . ഞാൻ മുറ്റത്തേക്കിറങ്ങിയതും കൈ പിടിച്ചു പൊക്കി കൈ വെച്ച് അഞ്ചാറടിയാണ് കാലിന്റെ തുടക്ക് . കാലിനൊക്കെ നല്ല തണുപ്പ് , മരവിച്ചതായിരിക്കും .  വായിലൂടെ എന്തോ ഒന്ന് വന്നു , അകത്തെ വല്ല അവയവം  ആണോന്നറിയില്ല , ഞാൻ തുപ്പി കളഞ്ഞു . കാൽ അവിടെ തന്നെ ഉണ്ടോന്നു നോക്കിയപ്പോഴാണ് തണുപ്പിന്റെ കാര്യം പിടി കിട്ടിയത് . ഇത്തിരി മൂത്രം പോയിട്ടുണ്ട് ട്രൗസറിൽ . കാര്യമാക്കിയില്ല . ജീവൻ പോയില്ലല്ലോ , മൂത്രമല്ലേ . എന്തായാലും ഒഴിച്ച് കളയാനുള്ളതല്ലേ .. പോട്ടെ .

 കരച്ചിലൊക്കെ ഒന്ന് ആറി , വെക്കാൻ മറന്ന വാഴയുടെ കണക്കും പറഞ്ഞ് അച്ഛൻ അവിടന്ന് പോയി. അച്ചമ്മേം അമ്മേം കൂടെ വന്ന് എന്നെ രണ്ടു കയ്യിലും തൂക്കി പൊടി തട്ടി . നാസറാക്ക എയർ ഗൺ കൊണ്ട് വന്ന് കാക്കയെ വെടി വെച്ചു താഴെ ഇട്ടപ്പോൾ ബാപ്പുട്ടിയും കുഞ്ഞിമോനും ചത്ത കാക്കയെ കൊണ്ട് വന്നത് അങ്ങനെ ആയിരുന്നു . രണ്ടു ചിറകിലും പിടിച്ച് . അത് പോലെ . തൂക്കി അകത്തു കൊണ്ട് പോരുമ്പോ ഞാൻ മനസിലാക്കി , സാതി വിരുന്നുകാരി ആണ് . അവൾക്ക് തല്ലു കിട്ടൂല, ഇത് എന്റെ വിധിയാണ് . 

അടുക്കളയിൽ പഴയ സ്ഥലത്തു തന്നെ എന്നെ കൊണ്ട് ഇടുമ്പോ സാതി എന്നെ നോക്കുന്നുണ്ടായിരുന്നു , വായ നിറയെ പൂള നിറച്ചു കൊണ്ട് ഭാവമാറ്റം ഒന്നും ഇല്ലാതെ .



No comments:

Post a Comment