Wednesday 30 August 2017

ദുർബലൻ


                 കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ വെറുതെ ഓർക്കാറുണ്ടായിരുന്നു , ഓരോരുത്തർക്കും അവരവരുടെ രൂപം എത്ര മോശമാണെങ്കിലും എന്നെക്കാണാൻ വല്യ കുഴപ്പമില്ല എന്ന ചിന്ത ഇല്ലെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെയും മനുഷ്യരുടെയും അവസ്ഥ . കണ്ണാടികളേ ഇല്ലാത്തൊരു ലോകമാവുമായിരുന്നു നമ്മുടേത് . സെക്കന്റ് സിവിലിലെ ബബിത ഒക്കെ കുളിക്കാതെ മുടി ചീവാതെ പല്ലു തേക്കാതെ ക്ലാസ്സിൽ വരുന്ന കാഴ്ച കാണേണ്ടി വരുമായിരുന്നു . ഓ അത്യന്തം മ്ലേച്ഛകരമായ ലോകം ആവുമായിരുന്നു അത്.  ഇന്നെത്ര കുളിർമ ഉണ്ട് അവൾ  രാവിലെ ഗേറ്റ് കടന്ന് വരുന്നത് കാണാൻ തന്നെ .
സ്വയം അർപ്പിച്ച വിശ്വാസമാണ് മനുഷ്യന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് .

        ഈ വിധം എൻ്റെ സൗന്ദര്യത്തിൽ അതിയായ ആത്മ വിശ്വാസവും എനിക്കുണ്ടായിരുന്നു . രാവിലെ എണീറ്റു പഴങ്കഞ്ഞിയും പുറമെ പ്രാതലും രണ്ടു നേരം ചോറും കറിയും ഉറങ്ങുന്നതിനു മുൻപേ പാലും കുടിച്ചിട്ടും 48 - 50 എന്ന ലെവലിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ബോഡി വെയിറ്റിൽ മാറ്റം വരുത്താൻ എന്നെ കൊണ്ട് പറ്റിയിരുന്നില്ലെങ്കിലും കൊയ്ത്തു കഴിഞ്ഞ പാടത്തു നെല്ലിന്റെ കുറ്റി ഇരിക്കുന്ന പോലെ അങ്ങിങ് മുളച്ചു നിൽക്കുന്ന താടി രോമവും തൊലിയടക്കം വടിച്ചിട്ടും വട്ടം വരാൻ കൂട്ടാക്കാത്ത മീശയും ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ആത്മ വിശ്വാസത്തിൽ കടുകിട ഇളക്കം വന്നിരുന്നില്ല .
പ്രേമാഭ്യർത്ഥനകൾ നിർദാക്ഷിണ്യം റിട്ടേൺ അടിക്കുകയും കഴിവുള്ളവർ കമ്മിറ്റഡ് ആയി നടക്കുന്നത് കാണുകയും ചെയ്യുമ്പോൾ എന്നിലെ സിംഗിൾ ബാച്‌ലർക്ക് ചെറിയ മനോവിഷമം ഉണ്ടാവാറുണ്ടായിരുന്നുവെന്നതൊഴിച്ചാൽ .


      കാഴ്ചയിലേ ദുർബലൻ പോരാത്തതിന് ഗർഭിണൻ എന്ന് പറഞ്ഞ പോലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ പുരുഷകേസരികളുടെ ദൗർലഭ്യം കാരണം കോളേജ് ഫുട്ബോൾ ലീഗിൽ എന്നെ ഗോൾ കീപ്പർ ആക്കി . പന്ത് യഥാർത്ഥത്തിൽ ഉരുണ്ടിട്ടാണോ ചതുരത്തിലാണോ എന്ന് തീർച്ചപ്പെടുത്താൻ അനുഭവങ്ങൾ  അത് വരെ കുറവായിരുന്നു എനിക്ക് .  7 ആം മിനുറ്റിൽ എതിരെ വരുന്ന പന്ത് വലതു വശത്തു കൂടെയാണോ ഇടതു വശത്തു കൂടെയാണോ എന്ന് സ്ഥിരീകരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് മൂക്കിന്റെ മൈത്ര പാലത്തിനൊരു ഇളക്കവും ചെവിയിൽ ഒരു തേനീച്ചയെയും സമ്മാനിച്ച് കൊണ്ട് വന്നു പതിച്ചു . പന്ത് എന്റെ മുഖത്തു തട്ടി പോസ്റ്റിന്റെ പുറത്തേക്കും ഞാൻ പോസ്റ്റിന്റെ അകത്തേക്കും വന്നു വീണു . ഗോൾ തടുത്ത എന്നെ ആരാധകർ അഭിനന്ദിക്കുകയും ശേഷം ഉറങ്ങിക്കോട്ടെ എന്ന് കരുതി എന്നെ ഗ്രൗണ്ടിന്റെ സൈഡിലേക്ക് എടുത്തു കിടത്തി കളി തുടരുകയുമായിരുന്നുവെന്ന് പിന്നീട് ആരോ പറഞ്ഞ്  അറിഞ്ഞു .

ഇങ്ങനെ സംഭവ ബഹുലമായി ജീവിതം കടന്നു പോകുന്ന സമയത്താണ് പ്രേമം രണ്ടാം ഭാഗം സ്റ്റാർട് ചെയ്യുന്നതും ദിവസങ്ങൾ പുഷ്പിതമാവുന്നതും . ആദ്യ ഭാഗം കഴിഞ്ഞ് രണ്ടു വർഷത്തിൽ കൂടുതൽ ആയതിനാൽ പണ്ടത്തെ ഇമ്പ്രെഷൻസ് ആൾറെഡി എക്സ്പയർ  ആയി പോയിരുന്നു .  ഈ തവണത്തേത്‌ ഇത്തിരി തീരുമാനിച്ചുറപ്പിച്ച പോലെ ആയിരുന്നതിനാൽ ഇമ്പ്രെസ്സിങ് അത്യാവശ്യമായിരുന്നു .
പഴയ ഓർമകളുടെ പുറത്തു ഓവർ ഇന്ററാക്ട് ചെയ്യാനോ പുഷ്പ്പിക്കാൻ പോയി  ഒരു ബാഡ് ഇമ്പാക്ട് വരുത്തിയാലോ അതെനിക്ക് തന്നെ ക്ഷീണമാണെന്ന് ഞാൻ ഭയന്നിരുന്നു .
അത് കൊണ്ട് സംഭാഷണങ്ങളിൽ അതി കൊടൂര ഇംഗ്ലീഷ് അതിപ്രസരവും ശുദ്ധമലയാളവും മുഴച്ചു നിൽക്കുകയും ഡ്രസ്സിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു പോന്നിരുന്നു .

എല്ലാ തിങ്കളാഴ്ചയും ഒരാഴ്ചത്തേക്കുള്ള ഡ്രെസ്സും എടുത്ത് കുമാരി കുറ്റിപ്പുറത്തേക്കും ഞാൻ തിരൂരിലേക്കും ബസ് കയറാൻ എത്തുമ്പോൾ അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഞങ്ങൾ മീറ്റ് ചെയ്തിരുന്നത് . ആ ദിവസം ഏറ്റവും പുതിയ ഷർട് ഇടാനും തലേന്ന് ജോഗ്ഗർ വള്ളിക്കെട്ട് ചെരിപ്പ് നല്ല പോലെ ഉരച്ചു കഴുകാനും ഞാൻ ശ്രദ്ധിച്ചിരുന്നു .
ആയിടെ ഒരു തിങ്കളാഴ്ച പച്ചയിൽ കറുപ്പ് കള്ളി ഷർട്ടും കറുപ്പ് സ്കിൻ ഫിറ്റ് പാന്റും ജോഗറിന്റെ ചെരുപ്പും ഇട്ട് കുമാരിയെ ഇമ്പ്രെസ്സ് ചെയ്യാൻ തന്നെ തീരുമാനിച്ചു ഞാൻ നേരത്തെ ബസ് സ്റ്റാൻഡിൽ എത്തി .

 ടൈൽസ് ഒട്ടിച്ച തൂണിൽ ചാരി തല ലേശം ചരിച്ചു തൂണിലേക്ക് ചേർത്ത് വെച്ച് കൈ കെട്ടി പൃഥ്വിരാജ് തന്നെ എന്നോർത്തു ഞാൻ നിന്നു . മേൽ പറഞ്ഞ വിധം അരോഗദൃഢഗാത്രനായ 48 കിലോയും 5.അടി 10 ഇഞ്ച്  നീളവും ഒട്ടിയ കവിളും ഉള്ള ഞാൻ എന്റെ അപ്പോഴത്തെ  നിൽപ് കുമാരിയുടെ ഹൃദയത്തിൽ ചില്ലിട്ടു ചുമരിൽ കേറും എന്ന് തന്നെ വിശ്വസിച്ചു . കുമാരി വന്നപ്പോഴും ശബ്ദം താഴ്ത്തി കേഷ്വൽ ടോക്ക് നടത്തിയപ്പോഴും 10 മിനിറ്റിനു ശേഷം കുമാരി കുറ്റിപ്പുറം ബസ് കയറി പോയപ്പോഴുമെല്ലാം ഞാൻ എൻ്റെ അതെ നിൽപ് തുടർന്നിരുന്നു . തല അല്പം ചെരിച്ചു കൈ കെട്ടി തൂണിൽ ചാരി .

അവൾ പോയി കഴിഞ്ഞപ്പോൾ 70 നു മേൽ പ്രായം വരുന്ന ഒരു മൊല്ലാക്ക എൻ്റെ അടുത്ത് വന്ന് എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു . " മോനെ ഞാൻ കൊറേ നേരം ആയി നോക്ക്ണ്, എന്തേലും വയ്യായി ണ്ടോ ? ,  ചാരി നിക്കണത് കണ്ടട്ട് തല മിന്നൽ ഉള്ള പോലെ തോന്ന്ണ്ട്, ചായ കുടിക്കണോ അനക്ക് ? "

  എൻ്റെ അപ്പിയറൻസ് സങ്കല്പങ്ങൾ മുഴുവൻ തകർത്തു ചന്തിയിൽ  കാന്താരി തേച്ചതിനെക്കാളും നീറ്റൽ തന്ന അഭിപ്രായം പറച്ചിൽ ആയിരുന്നു അത് .   അപ്പൊ ഇത്രയും നേരം എൻ്റെ നിൽപ് കണ്ടിട്ട് എനിക്ക് വയ്യെന്ന് കരുതിയിട്ടാവണം അവൾ എന്നോട് ചായ കുടിച്ചോ എന്ന് ചോദിച്ചത് , , അല്ലാ അതൊരു കേഷ്വൽ ചോദ്യം അല്ലാ .. ഹെൻ്റെ പ്രിത്വിരാജേട്ടാ  .....



Tuesday 29 August 2017

ശൈശവ വിവാഹം

                
              കോളേജിൽ പഠിക്കുന്ന സമയം ആയതു കൊണ്ടും ഹോസ്റ്റൽ ഫീസിന്റെയും വണ്ടിക്കൂലിയുടെയും പുറമെ ഒരു സിഗരറ്റു വാങ്ങാനുള്ള പൈസ പോലും വീട്ടിൽ നിന്ന് വാങ്ങാൻ അറിയാത്ത സത്യസന്ധൻ ആയിരുന്നു ഞാൻ .  ഇട സമയങ്ങളിൽ ജോലിക്ക് പോയി പൈസ സമ്പാദിക്കാൻ വളരെ ചുരുക്കം ജോലികളെ അറിയാമായിരുന്നതിനാൾ  കയ്യിൽ വട്ടച്ചെലവിനുള്ള പൈസ വളരെ കുറവായിരുന്നു .
ആകെ പോയിരുന്ന ജോലി പാപ്പൻ്റെ കൂടെ കല്ല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നതിന് ലൈറ്റ് പിടിക്കാൻ ആയിരുന്നു . ജോലി ഭാരം കുറവായതിനാലും നല്ല ഫുഡ് കിട്ടുമെന്നതിനാലും പിന്നെ ഒരു കൂട്ടം തരുണീമണികളുടെ ഒത്ത നടുക്ക് ഒരു തരുണീമണൻ ആയിട്ട് ഇങ്ങനെ നിൽക്കാമെന്ന കാരണത്താലും സിഗരറ്റു കാശെങ്കിലും ആയല്ലോ എന്ന നിലപാടിൽ ഞാൻ പാപ്പൻ വിളിക്കുമ്പോൾ യാതൊരു ഇഷ്ടക്കേടും ഇല്ലാതെ ശനി ഞായർ ദിവസങ്ങളിൽ കല്യാണ വർക്കിന് പോയിരുന്നു .
പാപ്പന് ഞാൻ ഒരു പണി അറിയാത്ത പണിക്കാരൻ ആയിരുന്നെങ്കിലും പൈസ ഒന്നും കുടുംബത്തിന്റെ പുറത്തേക്ക് പോവണ്ട എന്ന് കരുതിയിട്ടാവണം എന്റെ കാൾ ഷീറ്റ്  കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റു ലൈറ്റ് ബോയ്സിനെ വിളിച്ചിരുന്നുള്ളു .
പോവുന്നിടത്തെല്ലാം അവിടെ ഉള്ള സുന്ദരിമാർക്കെല്ലാം തിരിച്ചു കിട്ടുന്നുണ്ടോ എന്ന് പോലും വേർ  തിരിക്കാതെ  യദേഷ്ടം ലിബറൽ ആയി ഞാൻ കടാക്ഷം കൊടുക്കാറുണ്ടായിരുന്നു . കൂട്ടത്തിൽ ഒരുത്തി പോലും ദയ കാണിക്കാറില്ലായിരുന്നെങ്കിലും ഏതെങ്കിലും ഒരു തരളിത ജനാലക്കപ്പുറമോ കർട്ടന്റെ അപ്പുറമോ നിന്ന് എന്നെ വീക്ഷിക്കുന്നുണ്ടാവും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .


                  ഈ വിധം കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന സമയത്താണ് ആദ്യ ബ്രേക്കപ്പിനും രണ്ടു വർഷത്തെ ഇടവേളക്കും ശേഷം വീണ്ടും കണ്ടിന്യൂ ചെയ്യാൻ തീരുമാനിച്ചു വീണ്ടും പ്രണയ മധുരം നുകരാൻ മിസ് തോട്ടിൻറ്റക്കരെയും  മിസ്റ്റർ തച്ചാംപറമ്പും തുടങ്ങിയത്.
കൗമാരം മാറി യുവത്വം ജമ്പ് സ്റ്റാർട്ട് ചെയ്ത പോലെ . മീശയും താടിയും ഇല്ലത്തൂന്ന് ഇറങ്ങും ചെയ്തു അമ്മാത്തേക്ക് എത്തിയതുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന കാലം . 6 അടിക്ക് ഒന്നര ഇഞ്ച് കുറവ് നീളവും   48 കിലോ തൂക്കവും ഉള്ള നായകനും 20 വയസിൽ പുര നിറഞ്ഞു നിൽക്കുന്ന നായികയും പ്രേമിച്ചു തകർക്കുന്ന സമയത്താണ് ഇടിവെട്ട് പോലെ ബ്രോക്കർ കുഞ്ഞാണി മുന്നകുമാരിക്ക് ഒരു ആലോചനയുമായി വന്നത് . 

    പുത്തൻവീട്ടിൽ ഗോവിന്ദേട്ടന് കെട്ടിക്കാനായൊരു മോളുണ്ട് കുറ്റിപ്പുറത്തു നിന്ന് പടിക്കാണ് എന്നൊക്കെ കേട്ട മൂപ്പിലാൻ കുടിച്ചോണ്ടിരുന്ന ചായ ഇറയത്തേക്ക് നീട്ടി ചിന്തി അയേൽ കിടന്ന ഷർട്ടെടുത്തിട്ട് മൂന്ന് കുടുക്ക് ഇട്ടും മൂന്ന് കുടുക്ക് ഇടാതെയും ഗോവിന്ദേട്ടൻ്റെ വീട്ടിലേക്ക് വെച്ച് പിടിച്ച നേരത്താണ്   ഗോവിന്ദേട്ടൻ്റെ ശ്രീമതി ഗീതേച്ചിയെ കണ്ടതും കാര്യം പറഞ്ഞതും . കുട്ട്യാളെ അച്ഛൻ അവിടെ ഇല്ല . ഉള്ള സമയം നോക്കി വന്ന് നേരിട്ട് പറഞ്ഞോളി എന്ന് കേട്ട കുഞ്ഞാണി നഷ്ടം വന്ന ചായ നാളെ മൊതലാക്കാ എന്ന് സമാധാനിച് തിരിച്ചു നടന്നു .
വീട്ടിലെത്തിയ ഉടനെ ബ്രോക്കറെ വഴിയിൽ കണ്ട കാര്യം മോളെ കെട്ടിക്കാനായല്ലോ ആൾക്കാർ ചോദിച്ചു തുടങ്ങി എന്ന ആധിയോടെ ഗീതേച്ചി  അവതരിപ്പിച്ചു . കാര്യം കേട്ട ഉടനെ കാമുകൻ്റെ ഇപ്പോഴത്തെ രൂപവും അവസ്ഥയും പഴയ ഒരു ശോകഗാനത്തിന്റെ അകമ്പടിയിൽ മുന്നകുമാരിയുടെ മനസിലൂടെ മിന്നി .

         കാര്യം കേട്ട് തന്നാലാവുന്നതിൻ്റെ മാക്സിമം ലെവലിൽ ഒരു നെടുവീർപ്പ് ഞാൻ പുറത്തു വിട്ടു .  ഇനിയെന്ത് ചെയ്യും എന്ന് ഇരുന്നാലോചിച്ചിട്ടും നിന്നാലോചിച്ചിട്ടും കുട്ടിമാക്കാൻ്റെ  കുളത്തിൽ മുങ്ങി കിടന്നാലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല . 21 തികയാത്ത ചെറുക്കൻ വീട്ടിൽ പ്രേമം അവതരിപ്പിച്ചാൽ വെള്ളത്തിൽ കീഴ് ശ്വാസം വിട്ട പോലെ ഒരു എഫക്റ്റും ഇല്ലാതെ രണ്ടു കുമിള പൊട്ടുന്ന പോലെ പൊട്ടി പോവുകയേ ഉള്ളു . ഒരു കാര്യോം ഉണ്ടാവില്ല . ഉള്ള മാനം പൊയ്പോകും എന്നല്ലാതെ .
അത്താഴം മുടക്കാൻ കുഞ്ഞാണി വിചാരിച്ചാലും പറ്റുന്നത് കൊണ്ട് രണ്ട് ദിവസം വിശപ്പും ദാഹവും ഒക്കെ വീക്കെൻഡ് ആഘോഷിക്കാൻ ലീവെടുത്തു .എന്റെ മാറ്റം വീട്ടുകാർക്കും പിടുത്തം കിട്ടിയെന്നു ഞാൻ മനസിലാക്കിയത് നാലാം  ദിവസം അമ്മ ച്യവനപ്രാശം കൊണ്ട് തന്നപ്പോഴായിരുന്നു . മര്യാദക്ക് ചോറ് പോലും തിന്നാൻ വയ്യാത്ത ഞാൻ ആണ് ഈ കറുകറുത്ത അണ്ണാക്കിൽ ഒട്ടുന്ന ലേഹ്യം തിന്ന് ആരോഗ്യം നോക്കുന്നത് . 
ഇതൊന്നും വേണ്ടമ്മേ  ഞാൻ അമ്മക്കൊരു മരുമോളെ കൊണ്ട് വന്നാലോ, അമ്മക്കും ഒരു കൂട്ടാവും എനിക്ക് നല്ലോണം ഭക്ഷണം കഴിക്കാനും തോന്നും എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ച്യവണം പോയിട്ട് പച്ചവെള്ളം കിട്ടാതെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന സത്യം ഓർമിച്ചു ഞാൻ മിണ്ടാതിരുന്നു .

ഇരുത്തി വലിച്ച നാല് സിഗരറ്റിന്റെ സപ്പോർട്ടിലും ആത്മമിത്രം മാനുവിന്റെ ഒടുക്കത്തെ സപ്പോർട്ടിലും വരുന്നിടത്തു വെച്ച കാണാം , പെണ്ണ് കാണാൻ വരുന്ന ചെറുക്കനോട് കാര്യം പറയാം എന്ന നിലപാടിൽ ഞാൻ എത്തി, കുറച്ചു പേടിച്ചാണെങ്കിലും കുമാരിയും എത്തി . 
നാല് ദിവസം കഴിഞ്ഞും കുഞ്ഞാണിയെ കാണാതായപ്പോൾ തെല്ലൊരാശ്വാസത്തിന്റെ പാതയിലൂടെ ആയിരുന്നു ഞങ്ങളുടെ പോക്ക് .

അഞ്ചാം ദിവസം ഗോവിന്ദേട്ടൻ വീട്ടിലുള്ള ദിവസം നോക്കി വൈകുന്നേരം ഏകദേശം 3. 30 ആയപ്പോൾ കുഞ്ഞാണി ഗേറ്റ് കടന്ന് വന്നു . ഞായറാഴ്ച ആയതിനാൽ കുമാരി കൂട്ടുകാരികളുടെ വീട്ടിൽ സന്ദർശനത്തിന് പോയതിനാൽ, കാര്യം അവതരിപ്പിച്ച ശേഷവും ഡിമാൻഡുകൾ അറിഞ്ഞ ശേഷവും കുട്ടിയെ കൂടി കണ്ടിട്ടു പോവാം എന്ന നിലപാടിൽ കുഞ്ഞാണി കുട്ടിയെ വെയ്റ്റ് ചെയ്തു കോൺവെർസേഷൻ രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ഉഗാണ്ട വഴി ഉഗ്രപുരത്തേക്കും ഒക്കെ നീട്ടി കൊണ്ട് പോയി . 
ചോറും തിന്ന് ചെറുത് രണ്ടെണ്ണം വിട്ട് ഒന്ന് മയങ്ങാമെന്നു കരുതി ഇരുന്ന ഗോവിന്ദേട്ടൻ കുഞ്ഞാണിയുടെ തീരുമാനത്തിൽ തെല്ലൊരു ഫ്രസ്‌ട്രേഷൻ കാണിക്കാൻ ഇടക്കിടക്ക് കോട്ടുവാ ഇട്ടു . 

    പാത്രത്തിലെ മിച്ചറിൽ കറിവേപ്പിലയും  ചായ ഗ്ലാസിൽ പൊടി മാത്രവും ആയപ്പോൾ പെൺ വീട്ടുകാരുടെ സ്വത്തു വകകളിൽ ഒരു നോട്ടമാവാം എന്ന നിലക്ക് ഇതിപ്പോ വീടടക്കം എത്ര സെന്റാ എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞാണി മുറ്റത്തേക്കിറങ്ങി , പിന്നാലെ ഗോവിന്ദേട്ടനും . 
സർവ്വേ തുടർന്ന് കൊണ്ട് കുഞ്ഞാണി വീടിന്റെ വലതു ഭാഗത്തേക്ക് എത്തിയപ്പോഴാണ്  ആ ഭാഗത്തെ അര  മതിലിന്റെ മേലേക്കൂടെ ഒരു ജോഡി ചെരുപ്പ് വന്നു വീണത് . ഇതെന്തെടാ എന്നാലോചിക്കുമ്പോഴാണ്  പിന്നാലെ ഒരു കുടയും അങ്ങോട്ടിട്ട് കൊണ്ട് മുന്നകുമാരി മതിൽ ചാടി കടന്ന് വന്നത് . വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോട്ടം ക്രോസ്സ്  ചെയ്താൽ റോട്ടിലൂടെ വരുന്ന സമയത്തിന്റെ നാലിൽ ഒരു സമയം കൊണ്ട് വീട്ടിലെത്താമെന്നത് കൊണ്ട് ഒരു മതിൽ ചാടി കടക്കേണ്ട പ്രോബ്ലെമേ ഉള്ളു എന്ന  നിഷ്ക്കളങ്കമായ ചിന്തയുമായി ചാടിയ കുമാരിയെ കാണിച്ചു ഗോവിന്ദേട്ടൻ പറഞ്ഞു . ഇതാ മോൾ .

     വാഴത്തോട്ടത്തിൽ അത്യാവശ്യം ചെളി നിറഞ്ഞതിനാൽ കാലിൽ പറ്റേണ്ട എന്ന് കരുതി മുട്ട് വരെ തെറുത്തു കയറ്റി വെച്ച പാന്റ്റും ഏതോ വാഴയുടെ തൂങ്ങി കിടന്ന ഇലയിൽ നിന്ന് തലയിൽ പറ്റിയ മാറാലയും ആയി വഴീൽന്നു പെറുക്കിയ പഞ്ചാരമാങ്ങ പൊതിഞ്ഞു ഷാളിൽ കെട്ടി ഒരു കിഴിയും ആയി വന്ന കുമാരിയെ നോക്കി  മുഖത്തൊരു ചിരി വരുത്തിക്കൊണ്ട്  " എന്നാ പിന്നെ ഞാൻ കുട്ടി വലുതായിട്ട് വരാം  " എന്ന് പറഞ്ഞ് സിറ്റ് ഔട്ടിൽ വെച്ച ഡയറി കക്ഷത്തു വെച്ചു കുഞ്ഞാണി റോട്ടിലേക്കിറങ്ങി .

      വല്യ എന്തോ ഒഴിഞ്ഞു പോയ നിർവൃതിയിൽ ഞങ്ങളും ശൈശവ വിവാഹത്തിന്റെ കേസ് ഒഴിഞ്ഞു പോയ സന്തോഷത്തിലോ നഷ്ടപ്പെട്ട ഒരു ദിവസത്തിന്റെ സങ്കടത്തിലോ  കുഞ്ഞാണിയും കണ്ണ് നിറച്ചു .


Monday 28 August 2017

പ്രണയ പരവശൻ

                  കൈ പൊക്കിയാൽ അണ്ടർ വെയറിന്റെ വീതിയുള്ള ഇലാസ്റ്റിക് കാണുന്ന ഷർട്ടും അരിപ്പൊടി മില്ലിലെ പൊടി മിഷ്യൻ്റെ താഴെ തൂക്കി ഇട്ട തുണി പോലെ തൂങ്ങി ആടുന്ന പാൻറ്സും ഇട്ടാൽ ആൺ സൗന്ദര്യത്തിന്റെ പ്രതീകമായി എന്ന് വിശ്വസിച്ചു പോന്നിരുന്ന കാലം .
പത്താം ക്ലാസ്സിൽ 2 വിഷയം വെട്ടിക്കുറച്ചതും 10 വിഷയം ആക്കിയതും ഗ്രേഡിംഗ് സിസ്റ്റം കൊണ്ട് വന്നതും ഒക്കെ ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ആയിരുന്നു .
കണക്ക് സാമൂഹ്യപാഠം കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഓണപ്പരീക്ഷ ക്രിസ്തുമസ് പരീക്ഷ എന്നിവയുടെ റിസൾട്ടുകൾ ആരും കാണാതെ പരലോകത്തേക്കയക്കുകയും അനിൽ മാഷിന്റെ കാരുണ്യത്തിൽ ബയോളജിക്കും തങ്കമ്മ ടീച്ചറുടെ കാരുണ്യത്തിൽ മലയാളത്തിനും മലയാളം രണ്ടിനും കിട്ടുന്ന 50 ഇൽ 30 മാർക്കിലും കൂടിയ ഉത്തര പേപ്പറുകൾ യഥാക്രമം ഇങ്ങോട്ടു ചോദിക്കാതെ തന്നെ വീട്ടുകാർക്കും കൂട്ടുകാർക്കും കാണിച്ചു കൊടുക്കുകയും വിരുന്നു കാർക്ക് കാണാൻ വേണ്ടി ഹാളിലെ ഷോകേസിൽ വെക്കുകയും ചെയ്ത് പോന്നു .
മക്കളെ ട്യൂഷന് വിടുന്നത് അഭിമാനത്തിന്റെ കൂടി ഭാഗമായിരുന്നത് കൊണ്ടും പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞിട്ട് സൽപുത്രന്റെ IAS നഷ്ടമാവേണ്ട എന്ന് കരുതിയത് കൊണ്ടും എന്നെ ട്യൂഷന് ചേർക്കുകയും അതിൻ്റെ തൽഫലമായി കാര്യഗൗരവം വരികയും . ഇനി പഠിത്തത്തിൽ മാത്രമായിരിക്കും എന്റെ ചിന്ത എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തപ്പെടുകയും ചെയ്തു .
പഠിത്തം കാര്യമായി നടക്കുന്നില്ലെങ്കിലും മറ്റു ദുഷ്ച്ചിന്തകളിൽ നിന്ന് എനിക്ക് രക്ഷ തരണേ എന്ന് 5 കിലോമീറ്റർ ചുറ്റളവിൽ കുടിയിരിക്കുന്ന എല്ലാ ദൈവങ്ങളോടും നേരിട്ട് പോയും ബാക്കി ഉള്ളവരോട് തപാൽ വഴിയും അപേക്ഷിച്ചു കൊണ്ടിരുന്നു .
ആ കാലത്താണ് പെട്ടന്നൊരു ദിവസം എൻ്റെ മുന്നിൽ ഒരു ലലനാമണി പ്രത്യക്ഷപ്പെട്ടത് . മുന്നിൽ നിന്ന ഉമ്മച്ചിക്കുട്ടിയുടെ നടുപ്പുറത് പള്ളിത്താഴം പെരുന്നാളിന്റെ ബാൻഡ് കണക്കെ ഡ്ഡും എന്ന ശബ്ദത്തിൽ ഒരു അടി അടിച്ചു തിരിഞ്ഞോടുകയാണ് നായിക . ജനാല കർട്ടൻ കൂട്ടി അടിച്ച പോലെ ഉള്ള  അന്നത്തെ ഫാഷൻ ആയ പാട്ട്യാല  ഡിസൈൻ ചുരിദാറിന്റെ പാന്റ് ഓടാൻ ബുദ്ധിമുട്ടായ കാരണം പൊക്കി പിടിച്ചുള്ള അവളുടെ ഓട്ടം പത്താം ക്ലാസ്സു കാരിയുടെ അങ്ങേയറ്റത്തെ പക്വതയെ എടുത്തു കാണിച്ചു . കൂട്ടുകാരിയുടെ രണ്ടു മടങ്ങ് ശക്തി കൂടിയ തിരിച്ചടിയുടെ ആനന്ദത്തിൽ അവളിൽ നിന്നുയർന്ന നിലവിളി വന്നു വീണത് എൻ്റെ ഹൃദയത്തിന്റെ മേൽ ആയിരുന്നു . ഇത്ര മേൽ പക്വതയും കുലീനതയും ഇന്നാൾ വരെ ദർശിക്കയില്ലായ്കയിൽ പ്രതിജ്ഞയും ലക്ഷ്യവും ഞാൻ മറക്കുകയായിരുന്നു .
പല തവണ പലരോടും പ്രേമം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും അവർ അറിയാതിരുന്നതിനാൽ ഒന്നും എന്നെ ബാധിച്ചിരുന്നില്ല . പക്ഷെ ഉള്ളിൽ നിന്നും ഉന്തി വിടുന്ന മനസും അവളുടെ ചിരിയും എന്നെ അവളെ സമീപിക്കാൻ തന്നെ പ്രാപതനാക്കി .
അങ്ങനെ എല്ലാം തീരുമാനിച്ച ആ ദിവസം പക്വതക്ക് വേണ്ടി യൂനിഫോം ഷർട്ടിന്റെ കൂടെ വെള്ള മുണ്ടും ഉടുത്ത് അവളുടെ ക്ലാസ്സിന്റെ മുന്നിലെ വരാന്തയിൽ പോയി നിന്ന് ക്ലാസ്സിലെ സുഹൃത്തിന്റെ അടുത്ത് അവളോട് പുറത്തേക്ക് വരാനുള്ള സന്ദേശവും കൊടുത്ത് വിട്ട് കാത്തു നിൽക്കുകയായിരുന്നു ഞാൻ .
അവൾ ക്ലാസ്സിന്റെ പുറത്തേക്ക് വന്ന നിമിഷവും ആ വഴി പാസ് ചെയ്ത ഇത്തിരി ബുദ്ധി കൂടുതലുള്ള എൻ്റെ ക്ലാസ്സ്‌മേറ്റ് മമ്മാലി എന്ന മുഹമ്മദ് അലി എന്റെ ഉടുമുണ്ട് വലിച്ചഴിച്ചതും ഒരുമിച്ചായിരുന്നു .
ഹോം വർക്ക് ചെയ്യാത്തതിന് തന്നെ അടിച്ച കൃഷ്ണൻ മാഷിന്റെ വടി പിടിച്ച് പൊട്ടിക്കുകയും കൃഷ്ണൻ മാഷ് + ലീല ടീച്ചർ എന്ന് ക്ലാസ്സിലെ ചുമരിൽ എഴുതി ഇടുകയും ക്ലാസ്സിലെ പെൺകുട്ടികളോട് ഒന്നും രണ്ടും പറഞ്ഞ് മൂന്നാമത് മേലേക്ക് തുപ്പുകയും ചെയ്യുന്ന മമ്മാലിക്ക് എന്റെ മുണ്ട് കണ്ടപ്പോൾ അഴിക്കാൻ തോന്നിയതിന് കുറ്റം പറയാൻ പറ്റില്ലല്ലോ .
ഒറ്റ നിമിഷം കൊണ്ട് നടന്ന മഹാദുരന്തത്തിന്റെ ഞെട്ടൽ തീരും മുൻപേ അഴിഞ്ഞ മുണ്ട് വലിച്ചു കുത്തി പൊന്നി ബ്രാൻഡ് പച്ച കളർ ജെട്ടി അവൾ കണ്ടോ എന്ന സംശയത്തോടെ വളഞ്ഞ് നിന്ന് കൊണ്ട് ഞാൻ പറഞ്ഞു . ” ഐ ലവ് യു ” .

Sunday 27 August 2017

എൻട്രി ടു ഏർത്



ഡിം !!
11-02-1993 , പുത്തൻവീട്ടിൽ ഗോവിന്ദേട്ടന്റെയും എടപ്പലത്ത്  ഗീതേച്ചിക്കും മൂന്നാമത്തെ സന്തതി കന്നിപ്പെൺകൊടി ആഗതയായി .
രണ്ടാമത്തേത് മോൾ ആണെന്കി ദിൽന എന്ന് പേരിടാം പ്രസവം നിർത്താം എന്ന് കരുതി ഇരുന്ന ഗോവിന്ദേട്ടനെയും ഗീതേച്ചിയെയും ഞെട്ടിച്ചു കൊണ്ടാണ് തുടക്കമേ കുരുത്തക്കേട് കാണിച്ചു കൊണ്ട് ദിലു എന്ന ജിതിൻ പിവി പുറത്തു ചാടിയത് . അതിന്റെ ഹാങ്ങ് ഓവർ തീരാൻ 4 വര്ഷം എടുത്തു . ഈ പ്രാവശ്യമെങ്കിലും ഇതിലൊരു തീരുമാനം ആക്കിത്തരണേ എന്ന പ്രാർത്ഥന കേട്ടോ, അല്ലെങ്കി കിടക്കട്ടെ ഇവർക്കൊരു പണി എന്ന് കരുതീട്ടോ , കൊടുത്തു ഒരു ലലനാമണിയെ .
കാണുന്നിടത്തെല്ലാം മുള്ളി നടന്ന ആ നരുന്തിന് മുള്ളി എന്നിടുന്നതിനു പകരം ആണോ ആവൊ , മുന്ന എന്ന് പേരിട്ടു . ഇതെന്ത് പേരപ്പാ എന്നൊക്കെ തോന്നും .        തോന്നീട്ട് കാര്യമില്ല ഗോവിന്ദേട്ടൻ ഹിന്ദി പാട്ടുകളോടും പാട്ടുകാരൻ മുന്ന മൈക്കിളിനോടും പിരാന്ത് തോന്നിയാൽ മുന്ന ആണുങ്ങളുടെ പേരാണെന്നോ തന്റെ വിത്ത് പെണ്ണാണെന്നോ നോക്കാത്തതിന് നമ്മളെന്ത് പറഞ്ഞിട്ടെന്താ .             എന്തായാലും ഇട്ടത് ഇട്ടു . ഇനി ഒഫീഷ്യൽ ആയിട്ടൊന്നും ചെല്ലമായിട്ട് ഒന്നും  ഇട്ട് അതും കൂടി ഈ പരുവം വേണ്ടാന്ന് കരുതീട്ടാവും വേറെ പേരൊന്നും ഇല്ല . 
ഒഫീഷ്യലായിട് മുന്ന പിവി എന്നും വീട്ടിൽ മുന്ന മോളെ എന്നും വിളിച്ചോ .
——————
ഇവൻ ഏതെടാ പെണ്ണുങ്ങൾക്ക് ആരെങ്കിലും ഫസ്റ്റ് എൻട്രി കൊടുക്കുമോ ആണുങ്ങളുടെ വെല  കളയാൻ എന്നൊക്കെ ചിന്തിക്കാൻ വരട്ടെ . നായകൻ ഇപ്പോഴും 8 ആം മാസത്തിൽ ആണ് ഷുഗർത്തുക്കളെ .
ഡിം ( 2 ) !!
02-04-1993 ഒരു വെള്ളിയാഴ്ച ഉബൈദ് ഡോക്ടറുടെ ക്ലിനിക്കിൽ ഇതിപ്പഴൊന്നും പെറൂല എന്ന് ചീട്ടെഴുതി ഉച്ചക്ക് നിസ്കരിക്കാൻ പള്ളിയിൽ പോയ നേരം , തങ്കമ്മ സിസ്റ്റർ ചോറ് പാത്രം തുറന്ന സമയം , കുന്നത്ത് ഗോവിന്ദേട്ടന്റെയും നെച്ചിക്കാടൻ പ്രസന്നകുമാരിയുടെയും രണ്ടാമത്തെ മോൾ ആയി ചെ മോനായി നായകന്റെ ലേറ്റ് ആനാലും ലേറ്റസ്റ്റ് ആയ എൻട്രി .
ഗോവിന്ദേട്ടന്റെ കുടുംബാസൂത്രണ പദ്ധതികൾ മുഴുവൻ തകർത്തു കൊണ്ട് വന്ന മൂന്നര കിലോ ഐറ്റത്തിന് ഒന്നര വയസായപ്പോ , ജീവിത വിജയം ലക്‌ഷ്യം കണ്ടും കുടുംബ പ്രാരാബ്ദം വലത്തേ തോളിൽ വെച്ചും ഇടത്തെ തോളിൽ ഒരു ബാഗും തൂക്കി  ശ്രീ കുന്നത്ത് ഗോവിന്ദേട്ടൻ സൗദി അറേബ്യയിലെ ടൈലർ ഷോപ്പിലെ ജോലിക്ക് വേണ്ടി വിമാനം കയറി .
അത് വരെ കൊച്ചെറുക്കന്  പേരൊന്നും ആയിട്ടില്ല , വിളി കേൾക്കണ്ട പ്രായം ആയപ്പോ ടെമ്പററി പർപസിൽ അപ്പു എന്നും മോനെ എന്നും അപ്പൂട്ടാ എന്നുമൊക്കെ യഥാക്രമം വിളിച്ചു പോന്നു .
നായകന്റെ ചപല ബാല്യത്തിന് 3 വയസായപ്പോ ഗോവിന്ദേട്ടൻ രണ്ടര മാസത്തെ ലീവിന് വന്നതും ശ്രീമതിയുമായി ഒരു സെക്കന്റ് ഷോ പ്ലാൻ ചെയ്തതും നരുന്ത് ചെറുക്കൻ ഉറങ്ങാതെ തൊള്ള കീറിയപ്പോൾ തോളിലിട്ട് പോയതും ആണ് ചെറുക്കന്റെ പേരിന്റെ പിന്നിലെ കഥ .
സിനിമ മഴയെത്തും മുൻപേ . ഹൃദയ സ്പര്ശി ആയ സീൻ , ശോഭന നടക്കുമ്പോൾ മമ്മുക്കയോട് വീഴും നന്ദേട്ടാ എന്ന് പറയുന്നത് .       ഓവർ സ്മാർട്ട് ആയ കൊച്ചെറുക്കൻ വീയും നന്ദേട്ടാ എന്ന ഡയലോഗ് വീട്ടിൽ മുഴുവൻ ചെലച്ചൂ കൊണ്ട് നടന്നതും പെട്ടന്നൊരു ബോധോദയത്തിൽ എനിക്ക് നന്ദേട്ടാ എന്ന് പേരിട്ട മതി എന്ന് പറഞ്ഞതും അത് ലോപിച്ചു നന്ദു എന്നായതും ആണ് ആ കഥ .

എൻ്റെ കുന്തലതക്ക് , എൻ്റെ ലലനാമണിക്ക് ...


ഇത് എൻ്റെ  പ്രിയ ഭാര്യ വട്ടമുഖക്കാരി അതി ശീതള ഭാവക്കാരി അതി പാവന ഹൃദയക്കാരി അതി മാരക കുശുമ്പ് കാരി യെ കുറിച്ചും എന്നെ കുറിച്ചും  ദുബായിൽ ഇരുന്ന്  എഴുതുന്ന ബ്ലോഗ് ആണ് ഷുഗർത്തേ .
ഞങ്ങൾ രണ്ടു പേരല്ലാതെ ആരെങ്കിലും ഇത് വായിച്ചാൽ ,, ഹാആ .
വായിച്ചാൽ ഒന്നുമില്ല . നിങ്ങൾക്ക് വായിക്കാം . പക്ഷെ പക്ഷ ഫലം അനുഭവിച്ചു കൊൾക , ഇതിൽ കംപ്ലൈന്റ്റ് ബോക്സ് ഇല്ല .
ഐശ് കമോൺ