Monday 28 August 2017

പ്രണയ പരവശൻ

                  കൈ പൊക്കിയാൽ അണ്ടർ വെയറിന്റെ വീതിയുള്ള ഇലാസ്റ്റിക് കാണുന്ന ഷർട്ടും അരിപ്പൊടി മില്ലിലെ പൊടി മിഷ്യൻ്റെ താഴെ തൂക്കി ഇട്ട തുണി പോലെ തൂങ്ങി ആടുന്ന പാൻറ്സും ഇട്ടാൽ ആൺ സൗന്ദര്യത്തിന്റെ പ്രതീകമായി എന്ന് വിശ്വസിച്ചു പോന്നിരുന്ന കാലം .
പത്താം ക്ലാസ്സിൽ 2 വിഷയം വെട്ടിക്കുറച്ചതും 10 വിഷയം ആക്കിയതും ഗ്രേഡിംഗ് സിസ്റ്റം കൊണ്ട് വന്നതും ഒക്കെ ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ആയിരുന്നു .
കണക്ക് സാമൂഹ്യപാഠം കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഓണപ്പരീക്ഷ ക്രിസ്തുമസ് പരീക്ഷ എന്നിവയുടെ റിസൾട്ടുകൾ ആരും കാണാതെ പരലോകത്തേക്കയക്കുകയും അനിൽ മാഷിന്റെ കാരുണ്യത്തിൽ ബയോളജിക്കും തങ്കമ്മ ടീച്ചറുടെ കാരുണ്യത്തിൽ മലയാളത്തിനും മലയാളം രണ്ടിനും കിട്ടുന്ന 50 ഇൽ 30 മാർക്കിലും കൂടിയ ഉത്തര പേപ്പറുകൾ യഥാക്രമം ഇങ്ങോട്ടു ചോദിക്കാതെ തന്നെ വീട്ടുകാർക്കും കൂട്ടുകാർക്കും കാണിച്ചു കൊടുക്കുകയും വിരുന്നു കാർക്ക് കാണാൻ വേണ്ടി ഹാളിലെ ഷോകേസിൽ വെക്കുകയും ചെയ്ത് പോന്നു .
മക്കളെ ട്യൂഷന് വിടുന്നത് അഭിമാനത്തിന്റെ കൂടി ഭാഗമായിരുന്നത് കൊണ്ടും പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞിട്ട് സൽപുത്രന്റെ IAS നഷ്ടമാവേണ്ട എന്ന് കരുതിയത് കൊണ്ടും എന്നെ ട്യൂഷന് ചേർക്കുകയും അതിൻ്റെ തൽഫലമായി കാര്യഗൗരവം വരികയും . ഇനി പഠിത്തത്തിൽ മാത്രമായിരിക്കും എന്റെ ചിന്ത എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തപ്പെടുകയും ചെയ്തു .
പഠിത്തം കാര്യമായി നടക്കുന്നില്ലെങ്കിലും മറ്റു ദുഷ്ച്ചിന്തകളിൽ നിന്ന് എനിക്ക് രക്ഷ തരണേ എന്ന് 5 കിലോമീറ്റർ ചുറ്റളവിൽ കുടിയിരിക്കുന്ന എല്ലാ ദൈവങ്ങളോടും നേരിട്ട് പോയും ബാക്കി ഉള്ളവരോട് തപാൽ വഴിയും അപേക്ഷിച്ചു കൊണ്ടിരുന്നു .
ആ കാലത്താണ് പെട്ടന്നൊരു ദിവസം എൻ്റെ മുന്നിൽ ഒരു ലലനാമണി പ്രത്യക്ഷപ്പെട്ടത് . മുന്നിൽ നിന്ന ഉമ്മച്ചിക്കുട്ടിയുടെ നടുപ്പുറത് പള്ളിത്താഴം പെരുന്നാളിന്റെ ബാൻഡ് കണക്കെ ഡ്ഡും എന്ന ശബ്ദത്തിൽ ഒരു അടി അടിച്ചു തിരിഞ്ഞോടുകയാണ് നായിക . ജനാല കർട്ടൻ കൂട്ടി അടിച്ച പോലെ ഉള്ള  അന്നത്തെ ഫാഷൻ ആയ പാട്ട്യാല  ഡിസൈൻ ചുരിദാറിന്റെ പാന്റ് ഓടാൻ ബുദ്ധിമുട്ടായ കാരണം പൊക്കി പിടിച്ചുള്ള അവളുടെ ഓട്ടം പത്താം ക്ലാസ്സു കാരിയുടെ അങ്ങേയറ്റത്തെ പക്വതയെ എടുത്തു കാണിച്ചു . കൂട്ടുകാരിയുടെ രണ്ടു മടങ്ങ് ശക്തി കൂടിയ തിരിച്ചടിയുടെ ആനന്ദത്തിൽ അവളിൽ നിന്നുയർന്ന നിലവിളി വന്നു വീണത് എൻ്റെ ഹൃദയത്തിന്റെ മേൽ ആയിരുന്നു . ഇത്ര മേൽ പക്വതയും കുലീനതയും ഇന്നാൾ വരെ ദർശിക്കയില്ലായ്കയിൽ പ്രതിജ്ഞയും ലക്ഷ്യവും ഞാൻ മറക്കുകയായിരുന്നു .
പല തവണ പലരോടും പ്രേമം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും അവർ അറിയാതിരുന്നതിനാൽ ഒന്നും എന്നെ ബാധിച്ചിരുന്നില്ല . പക്ഷെ ഉള്ളിൽ നിന്നും ഉന്തി വിടുന്ന മനസും അവളുടെ ചിരിയും എന്നെ അവളെ സമീപിക്കാൻ തന്നെ പ്രാപതനാക്കി .
അങ്ങനെ എല്ലാം തീരുമാനിച്ച ആ ദിവസം പക്വതക്ക് വേണ്ടി യൂനിഫോം ഷർട്ടിന്റെ കൂടെ വെള്ള മുണ്ടും ഉടുത്ത് അവളുടെ ക്ലാസ്സിന്റെ മുന്നിലെ വരാന്തയിൽ പോയി നിന്ന് ക്ലാസ്സിലെ സുഹൃത്തിന്റെ അടുത്ത് അവളോട് പുറത്തേക്ക് വരാനുള്ള സന്ദേശവും കൊടുത്ത് വിട്ട് കാത്തു നിൽക്കുകയായിരുന്നു ഞാൻ .
അവൾ ക്ലാസ്സിന്റെ പുറത്തേക്ക് വന്ന നിമിഷവും ആ വഴി പാസ് ചെയ്ത ഇത്തിരി ബുദ്ധി കൂടുതലുള്ള എൻ്റെ ക്ലാസ്സ്‌മേറ്റ് മമ്മാലി എന്ന മുഹമ്മദ് അലി എന്റെ ഉടുമുണ്ട് വലിച്ചഴിച്ചതും ഒരുമിച്ചായിരുന്നു .
ഹോം വർക്ക് ചെയ്യാത്തതിന് തന്നെ അടിച്ച കൃഷ്ണൻ മാഷിന്റെ വടി പിടിച്ച് പൊട്ടിക്കുകയും കൃഷ്ണൻ മാഷ് + ലീല ടീച്ചർ എന്ന് ക്ലാസ്സിലെ ചുമരിൽ എഴുതി ഇടുകയും ക്ലാസ്സിലെ പെൺകുട്ടികളോട് ഒന്നും രണ്ടും പറഞ്ഞ് മൂന്നാമത് മേലേക്ക് തുപ്പുകയും ചെയ്യുന്ന മമ്മാലിക്ക് എന്റെ മുണ്ട് കണ്ടപ്പോൾ അഴിക്കാൻ തോന്നിയതിന് കുറ്റം പറയാൻ പറ്റില്ലല്ലോ .
ഒറ്റ നിമിഷം കൊണ്ട് നടന്ന മഹാദുരന്തത്തിന്റെ ഞെട്ടൽ തീരും മുൻപേ അഴിഞ്ഞ മുണ്ട് വലിച്ചു കുത്തി പൊന്നി ബ്രാൻഡ് പച്ച കളർ ജെട്ടി അവൾ കണ്ടോ എന്ന സംശയത്തോടെ വളഞ്ഞ് നിന്ന് കൊണ്ട് ഞാൻ പറഞ്ഞു . ” ഐ ലവ് യു ” .

No comments:

Post a Comment