Tuesday 3 October 2017

കാറ്ററിംഗ്

             മുന്നകുമാരിയെ കിട്ടണമെങ്കിൽ ജോലി വേണം , പൈസ വേണം . അതിന് ബാഗും തൂക്കി കോളേജിലേക്ക് തന്നെ പോയിട്ട് കാര്യമില്ല എന്നോർത്താണ് പോളി പഠിത്തം കഴിഞ്ഞപ്പോൾ നെറ്റ് വർക്കിങ് പഠിച്ചാൽ ജോലി എളുപ്പം കിട്ടും എന്ന് കരുതി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത് .
            അങ്ങനെ അമ്മ ഉണ്ടാക്കുന്ന ഓട്ടടയും ചെറുപയറും ,എബിസി ഫാബ്രിക്കേഷന്റെ കോണിപ്പടിയിലെ കൂട്ടം കൂടിയിരുന്നുള്ള സിഗരറ്റു വലിയും മനസില്ലാ മനസോടെ ത്യജിച്ചു ഞാൻ ബാംഗ്ലൂരിലേക്ക് വെച്ച് പിടിച്ചു.

ആദ്യം ചെന്ന ഒരു ഓളത്തിന് കയ്യിൽ ക്യാഷ് ഉണ്ടായിരുന്നത് കൊണ്ട് നല്ല മലയാളി ഫുഡ് കിട്ടുന്ന ഇത്തിരി സൗകര്യം കൂടിയ പിജി യിൽ തന്നെ റൂമെടുത്തെങ്കിലും രണ്ടു മാസത്തിനു ശേഷം , നാട്ടിൽ നിന്ന് പണിയും തെണ്ടി വന്നിട്ട് ജാഡ കാണിച്ചോണ്ടിരുന്നിട്ട് കാര്യമില്ല പോക്കറ്റ് കാളിയാകുകയേ ഉള്ളു എന്ന് മനസിലാക്കിയ ഞങ്ങൾ സൗകര്യം ഇത്തിരി കുറഞ്ഞാലും തെലുങ്കന്മാരുടെ പതങ്കിയും ചപ്പാത്തിയും മൂന്നു നേരം കിട്ടുന്ന പിജി യിലേക്ക് മാറി .

കാസർഗോടൻമാരായ നാല് അടകോടൻമാരായിരുന്നു അവിടെ സഹമുറിയന്മാർ . പട്ടിണി കിടന്നു പൈസ സേവ് ചെയ്യുകയും , ആ പൈസക്ക് വീക്കിലി കള്ളു കുടിക്കുകയും ചെയ്യുന്ന എക്കണോമിസ്റ്റുകൾ . ജോലി തെണ്ടി വന്നവരാണെങ്കിലും യാതൊരു ടെൻഷനും ഇല്ലാതെ , ജീവിതം ജിംഗലാല ആയി നടക്കുന്ന ഗഡീസ് . നോർത്ത് ഇൻഡ്യന്മാർ പറയും " ബിന്ദാസ് ".

ജീവിതത്തെക്കുറിച് എത്ര ഉയർന്ന ചിന്താഗതി ഉണ്ടെങ്കിലും ഭാവിയെക്കുറിച് വ്യാകുലത ഉണ്ടെങ്കിലും മുന്നിലിരുന്നു മടമടാ കള്ളു കുടിക്കുന്നത് കാണുമ്പോഴും  മിച്ചർ വാരി അണ്ണാക്കിൽ പൊത്തുന്നത് കാണുമ്പോഴും  ആരാണ് ഒന്ന് പതറി പോവാതിരിക്കുക . ജോലി കിട്ടിയിട്ടേ മറ്റു ചിന്തകളിലേക്ക് ശ്രദ്ധ മാറൂ എന്ന് ഉറപ്പിച്ചിരുന്ന ഞാൻ ഒരു ദുർബല നിമിഷത്തിൽ ഞാനും ഉണ്ട് എന്ന് പറഞ്ഞ് 100 രൂപ കട്ട ഇടുകയും , രാജേശ്വരി ഔട്‍ലെറ്റിൽ നിന്ന് എത്തിച്ച  എംസി യും അച്ചാറും നിരത്തി പിജിയുടെ ടെറസ്സിൽ വട്ടത്തിരുന്നപ്പോൾ കൂടെ ഇരിക്കുകയും ചെയ്തു .

കൂട്ടത്തിൽ ശുദ്ധനും താരതമ്മ്യേന കള്ളു കുടിയിൽ കഴിവ് കെട്ടവനും ആയ ഞാൻ ഒരു പെഗ് തീർക്കുമ്പോൾ ബാക്കി ഉള്ളവർ രണ്ടും രണ്ടരയും പെഗ്ഗുകൾ അടിച്ചു കഴിവ് തെളിയിക്കുന്നുണ്ടായിരുന്നു . മൂക്ക് പൊത്തിയും വന്ന ഛർദിൽ വാ പൊത്തി അകത്തേക്ക് തന്നെ വിട്ടും മൂന്നു പെഗ്ഗ് അടിച്ചു തീർത്തപ്പോഴേക്കും എൻ്റെ കിളി പോവാൻ തുടങ്ങിയിരുന്നു . അപ്പോഴേക്കും കൂടെയുള്ള മഹാരഥന്മാർ അടിച്ചു തീർത്തത്തിന്റെ കണക്കുകൾ ഇന്നും വ്യക്തമല്ല .
നേരിയ ഓർമയിൽ ചുറ്റുമുള്ള ലോകത്തെ കണ്ടറിഞ്ഞു കൊണ്ടിരുന്ന സമയത്തു , അടകോടന്മാരിൽ  മുഖ്യൻ ധനേഷ് , കഴിഞ്ഞ ദിവസം ഫാൻ ഓഫ് ചെയ്യാതെ പോയതിന് പിജി സെക്യൂരിറ്റി ചീത്ത പറഞ്ഞതിൽ പ്രതിഷേധിച്ചു ഉറക്കെ അയാളെ തെറി പറയുകയും കയ്യിലിരുന്ന കുപ്പി അടുത്തുള്ള മതിലിൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു .
 തല പെരുത്ത് ടെറസ്സിൽ മലർന്നു കിടന്ന ഞാൻ വെള്ളത്തിലൂടെ ഒഴുകുന്ന പോലെ ഒരു ഫീല് വന്നത് എന്താണെന്നു തല പൊക്കി നോക്കിയപ്പോഴാണ് അടിച്ച കള്ളിന്റെ പെരുപ്പ് മൊത്തം വലിഞ്ഞു പോയ ആ സത്യം മനസിലാക്കിയത് .
പള്ളൻ ധനേഷ് തലക്ക് കയ്യും കൊടുത്തു നിൽക്കുന്നു , ബാക്കി ഉള്ള 3 കാസര്കോടന്മാർ എവിടെയൊക്കെയോ കയ്യും കൊടുത്തു നില്കുന്നു . ടെറസ്സ് മൊത്തം വെള്ളം ഒഴുകുന്നു .  സെക്യൂരിറ്റിയോട് പ്രതിഷേധിച്ചു പള്ളൻ കുപ്പി അടിച്ചു പൊട്ടിച്ചത് 200 പേർ താമസിക്കുന്ന പിജി യിൽ വെള്ളം ചൂടാക്കുന്ന സോളാർ ഹീറ്റർ ആയിരുന്നു . പാനൽ പൊട്ടി വെള്ളം മുഴുവൻ താഴേക്ക് ഒലിച്ചു പോവുകയാണ് .

എത്ര ഉഴുന്നാട്ടിയാലും ഉള്ളിച്ചാക്ക് ചുമന്നാലും ഇതിന് കോമ്പൻസേഷൻ കൊടുക്കാൻ കൂട്ടിയാൽ കൂടില്ല എന്ന് അറിയാവുന്ന ഞങ്ങൾ രാത്രിക്ക് രാത്രി അവിടെ നിന്ന് ബാഗും പെട്ടീം എടുത്ത് സെക്യൂരിറ്റി കാണാതെ സ്കൂട് ആവുകയായിരുന്നു .

അങ്ങനെ ശിവാജി നഗറിൽ മുങ്ങിയ ഞങ്ങൾ പൊങ്ങിയത് മടിവാളയിൽ ആയിരുന്നു . വല്ലവന്റെയും ഔദാര്യത്തിൽ നിക്കണ്ട എന്ന് പറഞ്ഞ് സ്വന്തമായി വാടകക്ക് വീടെടുക്കാൻ തീരുമാനിച്ചത് അഭിമാനപ്രശ്‍നം അല്ലെന്നും തിന്നില്ലെങ്കിലും ആരെയും പേടിക്കാതെ കള്ളു കുടിക്കാമല്ലോ എന്ന കാസര്കോടന്മാരുടെ കൂട്ടായ തീരുമാനമാണെന്നും ഞാൻ പിന്നെയാണ് മനസിലാക്കിയത് .

അങ്ങനെ നെറ്റ് വർക്കിംഗ് പഠിത്തവും റൂം വാടകയും വണ്ടിക്കൂലിയും എല്ലാം കൂടെ ആയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആരംഭിച്ചപ്പോൾ വല്ലപ്പോഴും ഒരു വരുമാനം എന്ന നിലക്ക് കാറ്ററിംഗ് വർക്കുകൾക്ക് പോവാൻ തുടങ്ങുകയായിരുന്നു .
നല്ല ഫുഡും മാക്സിമം പോയാൽ 5  മണിക്കൂർ ജോലിയും. നല്ലൊരു ഓപ്ഷൻ ആയിരുന്നു ആ സമയത് കിട്ടുന്ന കാറ്ററിംഗ് വർക്കുകൾ . ചില സ്ഥലങ്ങളിൽ പ്രായത്തിനു മൂത്ത ചിലരുടെയും തലക്കനം മൂത്ത ചിലവരുടെയും ആറ്റിട്യൂട് പ്രോബ്ലം നമ്മുടെ അഭിമാനത്തിന് കോട്ടം വരുത്താറുണ്ടെങ്കിലും അതൊക്കെ റിക്കവർ ചെയ്ത് ഞങ്ങൾ കാറ്ററിംഗ് ജോലിക്ക് പോയിക്കൊണ്ടിരുന്നു .

ആയിടക്കാലത്തു കിട്ടിയ ഒരു സിന്ധിക്കല്യാണത്തിന് ഹാളിൽ എത്തുന്ന വരെ നല്ല പ്രതീക്ഷ ആയിരുന്നു . മൂന്നോ നാലോ മണിക്കൂർ വിളമ്പു പണി അത് കഴിഞ്ഞാൽ നല്ല ചിക്കനും മട്ടനും അടിച്ചു പൈസയും വാങ്ങി റൂമിൽ പോയി സുഖ ഉറക്കം . ഇതായിരുന്നു മനസ്സിൽ . എന്നാൽ ചെന്നപ്പോ തന്നെ സംഗതി വെജിറ്റേറിയൻ ആണെന്ന് കേട്ടപ്പോൾ തന്നെ ഉള്ള എനർജി പോയെങ്കിലും പണി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ .

ടീം ലീഡര് തന്ന വെള്ളക്കുപ്പായത്തിൽ എന്നെപ്പോലത്തെ നാല് പേർക്ക് കൂടി കയറി നിൽക്കാനുള്ള സ്ഥലമുണ്ടായിരുന്നു , വെള്ള തൊപ്പിയും കൂടി ഇട്ടപ്പോൾ വൈറ്റ്നർ കൊണ്ട് ഒരു വര വരച്ച പോലെ ആയിരുന്നു എന്റെ കോലം .
എന്തൊക്കെയോ പച്ചക്കറിയും അരിഞ്ഞ്  വെളിച്ചെണ്ണയിൽ മുക്കി പല കളറിൽ ആക്കി ഓരോ വട്ടി യിൽ നിറച്ചു വെച് അതിന്റെ കാവലിന് ഞങ്ങളെയും നിർത്തി റിസപ്ഷൻ ആരംഭിച്ചു . വീട്ടിൽ വെള്ളം നിറച്ചു വെക്കുന്ന ബിദാവിന് കുപ്പായം ഇട്ട കണക്ക് ശരീരമുള്ള ആൾക്കാരൊക്കെ ഓരോ സ്പൂൺ ഉപ്പേരിയും അച്ചാറും ഒക്കെ പ്ളേറ്റില് എടുത്ത് കൊണ്ട് പോയി ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോൾ , കല്ല് ചെത്താൻ പോണ ചേക്കുണ്ണിയേട്ടന്റെ മോളെ കല്യാണത്തിന് മൂന്ന് വട്ടം ബിരിയാണി തിന്നതൊക്കെ ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .

 മൂന്നു മൂന്നര മണിക്കൂർ നിന്ന നില്പിൽ വിളമ്പി കൊടുത്തിട്ടും തടിയന്മാർ വരവും തീറ്റിയും നിർത്തുന്നില്ല . ശരീരത്തിന്റെ ഉസ്‌ബസ്‌കിസ്താന്റെ സ്‌ഥാനത്തു ഒരു വേദനയും അതിർത്തികളിൽ കഴപ്പും തുടങ്ങിയപ്പോൾ ഇനി എവിടെയെങ്കിലും ഇരിക്കാതെ ശെരിയാവില്ല , ഇരിക്കാണെങ്കി കഴിക്കുകയും ചെയ്യാം എന്ന് കരുതി കോട്ടേം വെട്ടീം കൂടെ ഉള്ള ഒരുത്തനെ ഏൽപ്പിച്ചു  ളോഹയും കയ്യുറയും ഊരി വെച്ചു ബാക്ക് സൈഡിലൂടെ ഷർട്ടും ഇന്സേര്ട് ചെയ്ത് കല്യാണത്തിന് വന്ന ഗസ്റ്റിനെ പോലെ ഞാൻ കഴിക്കുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ ബാക്കിൽ നിന്ന് ഒരു തോണ്ടൽ , അവിടത്തെ ടീം ലീഡർ ആണ് .  "" എന്താ ഇവിടെ ? അങ്ങോട്ട് ചെല്ല് . വേഗം തീർത്താൽ വേഗം പോവാ  "" .

   അയാളുടെ കണ്ണിൽപ്പെട്ടത് കഷ്ടമായെന്നോർത് ഞാൻ പിന്നിലേക്ക് തിരിച്ചു നടക്കുന്നത് പോലെ ഭാവിച്ചെങ്കിലും പുള്ളി പോയെന്ന് മനസിലാക്കി വീണ്ടും കഴിക്കാൻ ഉള്ള ഭാഗത്തേക്ക് നടന്നു . ഒരു പ്ളേറ്റും എടുത്ത് ആൾക്കാർ കഴിക്കാൻ വരി നിൽക്കുന്നിടത്തേക്ക് അവരിൽ ഒരാളായി ഞാൻ ചെന്ന് നിന്നു . ഞാൻ അങ്ങോട്ട് ചെന്നതും മുന്നിൽ നിന്ന ഒരു പരിഷ്കാരി അമ്മച്ചി എന്നോട് കലപില എന്തൊക്കെയോ പറഞ്ഞു , ഞാൻ ഒന്നും മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ കൂടെ നിന്ന മീശയില്ലാത്ത ഒരുത്തൻ എന്നോട് , " പ്ളീസ് സെർവ് ദിസ് " എന്ന് പറഞ്ഞു , ഏതോ ഒരുത്തൻ ഉസ്‌ബസ്‌കിസ്താൻ വേദന വന്നപ്പോൾ ഇട്ടേച്ചു പോയ ഉപ്പേരിയുടെ ഒരു വട്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു . അതിലേക്ക് ചൂണ്ടി ആണ് അയാൾ പറഞ്ഞത് , ശെടാ. യൂണിഫോം ഒക്കെ ഊരിയിട്ടിട്ടും ഇവന്മാർ കണ്ടു പിടിച്ചോ .
ഞാൻ പിറുപിറുത്തു കൊണ്ട് കൂടി നിന്നവർക്കെല്ലാം ഉപ്പേരി വിളമ്പി കൊടുത്തു കിട്ടിയ ചാൻസിന് ആള് കുറഞ്ഞപ്പോൾ പുറത്തിറങ്ങി പിന്നെയും വേറൊരു കൗണ്ടറിൽ കഴിക്കാൻ ചെന്നു . അവിടെ ചെന്നപ്പോഴും വേറൊരു അമ്മച്ചി എന്നോട് കൗണ്ടറിൽ നിന്ന് പെപ്സി എടുത്ത് കൊടുക്കാൻ പറഞ്ഞു .
മൂന്നു നാല് വട്ടം ഇത് തന്നെ ആവർത്തിച്ചപ്പോഴും ഇത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായില്ല .

 അവസാനം കഴിക്കൽ ശ്രമം മുഴുവൻ പരാജയപ്പെട്ട് വിളമ്പൽ മൊത്തം കഴിഞ്ഞ് പ്രാന്ത് പിടിച്ചു കഴിക്കാൻ വേണ്ടി കൈ കഴുകാൻ ചെന്ന് കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു  രഹസ്യം പിടി കിട്ടിയത് .

വെള്ള കോട്ടും കയ്യുറയും ഊരിയിട്ട് ഗസ്റ്റിനെപ്പോലെ കഴിക്കാൻ  പോകുമ്പോൾ തലയിലെ ബക്കറ്റു പോലുള്ള കടലാസ്സ് തൊപ്പി ഊരിയിടാൻ മാത്രം ഞാൻ മറന്നിരുന്നു .

Sunday 1 October 2017

സാതി

           സാതി, അതായത് സ്വാതി . മൂത്ത അമ്മായീന്റെ മൂന്നു സൽപുത്രികളിൽ  രണ്ടാമത്തെ മകൾ . സമപ്രായക്കാർ  .
ചെറുപ്പം മുതലേ നല്ല ഒരുമ ആയിരുന്നു ഞങ്ങൾ തമ്മിൽ . സ്കൂൾ അവധിക്ക് വീട്ടിൽ നിക്കാൻ മൂന്നെണ്ണത്തിനെയും കൊണ്ട് അമ്മായി വരുന്ന ദിവസം തൊട്ട്  "" അപ്പൂസ് കപ്പൂസ് ഉള്ള വീട്ടിലേക്ക് ഞാൻ ഇനി മേലാൽ വരൂല  "" എന്നുറക്കെ കാറിക്കൊണ്ട് സാതി തിരിച്ചു വീട്ടിലേക്കു പോവുന്ന ദിവസം വരെ ഞങ്ങൾ അമ്മാതിരി അടിയായിരുന്നു .
പുളിയച്ചാർ വാങ്ങി അവൾക്ക് കൊടുക്കാതെ  തിന്ന ഇഷ്യൂവിന്റെ പേരിൽ ഞങ്ങൾ ഉണ്ടാക്കിയ തല്ല് അവസാനം നാത്തൂന്മാർ തമ്മിൽ  വാക്കേറ്റം ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട് .
ഇത്തരത്തിൽ ഞങ്ങൾ ബദ്ധ ശത്രുക്കൾ ആണെങ്കിലും അങ്ങേയറ്റത്തെ ഒരുമ കാണിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .
ഒരിക്കൽ സാതിയുടെ അനിയത്തികൊച്ചിന് കഴിക്കാൻ പഴം വാങ്ങാൻ മയമാക്കന്റെ കടയിലേക്ക് ഞങ്ങളെ രണ്ടു പേരെയും വിട്ടു . ബാക്കി പൈസ ഉണ്ടെങ്കിൽ മുട്ടായി അനക്ക് തരൂല എന്ന ഭീഷണി എല്ലാം ഞാൻ മുഴക്കി എങ്കിലും ഒറ്റ പൈസ ബാക്കി വരാതിരുന്നത് ഞങ്ങളെ രണ്ടു പേരെയും നിരാശരാക്കി . അങ്ങനെ 4  നേന്ത്രപ്പഴം കവറിൽ ആക്കി കയ്യിൽ തൂക്കി പിടിച്ചു ഞാൻ മുന്നിലും സാതി പിന്നിലുമായി വീട്ടിലേക്ക് നടന്നു.
"" ഇത് എന്റെ വീട്ടിലേക്ക് ഉള്ള സാധനമല്ലേ , എന്റെ അമ്മ അല്ലെ പൈസ തന്നത് , പിന്നെ ഇത് എന്റെ വീടല്ലേ , ഇവൾ ഇങ്ങോട്ട് വിരുന്നു വന്നതല്ലേ , ഒന്നും പോരാത്തതിന് ഞാനൊരു ആണല്ലേ . "" അപ്പൊ ഈ പഴത്തിൽ എനിക്ക് തന്നെ അവകാശം എന്നുറപ്പിച്ചു ഒരു പഴം എടുത്ത് ഞാൻ തൊലി പൊളിച്ചു കടിച്ചു .
തൽക്ഷണം എനിക്ക് തടുക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നതിനു മുൻപ് സാതിയും കവറിൽ കയ്യിട്ട് ഒന്ന് എടുത്തു തിന്നാൻ തുടങ്ങി .  അനുവാദം ചോദിക്കാതെ എടുത്ത പഴം എന്റെ മുഖത്തേക്ക് പോലും നോക്കാതെ തിന്നുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി .
അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ പിന്നെ കച്ചറക്ക് സ്കോപ്പില്ലാത്തതു കൊണ്ട് തോൽവി സമ്മതിക്കാതെ ഞാൻ അടുത്ത പഴവും ഞാൻ സ്റ്റാർട്ട് ചെയ്തു . ആദ്യത്തെ പോലെ തന്നെ അവൾ വീണ്ടും കവറിലേക്ക് കയ്യിട്ടപ്പോൾ ഞാൻ തടുത്തു . " ഇനി എടുക്കണ്ട " എന്നാൽ  എന്റെ എതിർപ്പിനെ പുല്ലു വില കൽപ്പിച്ചു കൊണ്ട് അവൾ കവർ വലിച്ചു കീറി അവസാനത്തെ പഴവും തൊലിച്ചു തിന്നു .
ഞാൻ നിസ്സഹായനായി അവളെ നോക്കി . വീട്ടിലെന്ത് പറയും . അവൾക്ക് യാതൊരു കൂസലുമില്ല , എന്തൊരു ധൈര്യമാണ് അവൾക്ക് . ഇങ്ങനെയുണ്ടോ പെൺകുട്ടികൾ .
ഒഴിഞ്ഞ കയ്യുമായി വീട്ടിലേക്ക് കേറി ചെന്ന ഞങ്ങളെ ആരതിയുഴിഞ്ഞ് സ്വീകരിച്ചതിനു പുറമെ , പുഷ്പാർച്ചന , തേങ്ങയുടക്കൽ , ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങൾക്ക് വീട്ടിലെ മുതിർന്നവർ ഓരോരുത്തരായി വിധേയരാക്കി .

അച്ഛൻ സൗദിയിൽ നിന്നും ലീവിന് വന്ന സമയത്ത് ഒരു ബൈക്ക് വാങ്ങിയിരുന്നു . ഞങ്ങളുടെ കുടുംബത്തിലെയും ആ നാട്ടിലെയും ആദ്യത്തെ ബൈക്ക് . ഒരു സെക്കൻഡ്ഹാൻഡ് സിഡി നൂറ് . ആറ്റു നോറ്റു വാങ്ങിയ ബൈക്ക് ആയതിനാൽ അതിൽ പല മിനുക്കു പണികളും അച്ഛൻ ചെയ്തു കൊണ്ടിരുന്നു .
വല്യ മാമന്റെ വരവ് പ്രമാണിച്ചു അമ്മായിയും സാതിയും ഒക്കെ വീട്ടിലുള്ള സമയത്താണ് അച്ഛൻ ഒരു പാട്ട പെയിന്റ് വാങ്ങി കൊണ്ട് വന്ന് ബൈക്കിനെ ഒന്ന് പെയിന്റ് അടിക്കാൻ തീരുമാനിച്ചത് . എന്റെ അച്ഛന് ബൈക്ക് ഉള്ളതും അവളുടെ അച്ചന് ബൈക്ക് ഇല്ലാത്തതും കാരണം ഞാൻ സാമാന്യരീതിയിൽ ജയിച്ചു നിൽക്കുന്ന സമയത്താണ് ഈ സംഭവം . അവളുടെ മുന്നിൽ വെച്ച് വണ്ടിയിൽ കയറുക ഹോൺ അടിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നത് കാണുമ്പൊൾ ദേഷ്യം കാണിക്കാൻ അവൾ മൂക്ക് വീർപ്പിച്ചിരുന്നു .

അങ്ങനെ അന്ന് വണ്ടിയുടെ പെയിന്റടി കഴിഞ്ഞ് വണ്ടി മെല്ലെ വിറകു പുരയുടെ തൂണിൽ ചാരി ഉണങ്ങാൻ വെച്ച് അച്ഛൻ എങ്ങോട്ടോ പോയി . പതിവ് പോലെ വണ്ടി നിർത്തിയിട്ടത് കണ്ട ഞാൻ വലിഞ്ഞു കയറി ഹാൻഡിൽ പിടിച്ചു തിരിച്ചു കളിക്കാൻ തുടങ്ങിയപ്പോൾ പതിവിനു വിപരീതമായി സാതിയും ഓടി വന്നു ബൈക്കിൽ കയറി . സ്റ്റാൻഡിൽ അല്ലാതിരുന്ന വണ്ടി തൂണിൽ ചാരി താഴെ വീണു . പിടഞ്ഞെഴുന്നേറ്റ ഞങ്ങളെ കണ്ട് അമ്മ ഓടി വന്നു ബൈക് എടുത്ത് പൊക്കി യഥാസ്ഥാനത്തു വെച്ചു . ദാ കിടക്കുന്നു നല്ലൊരു കേരളത്തിന്റെ മാപ് ബൈക്കിന്റെ ടാങ്കിൻമേൽ . നല്ലൊരു ഭാഗം പെയിന്റ് മൊത്തം ചുരണ്ടി പോയിരിക്കുന്നു .
എന്റെ നാവ് ഒക്കെ വറ്റി , ഞാൻ സാതിയോടു പറഞ്ഞു , "" ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും , നല്ലോണം കിട്ടിക്കോളും ട്ടോ "" . ഇപ്പൊ അവൾക്കും എന്റെ അത്ര തന്നെ പേടി വന്നിട്ടുണ്ട് . ഞങ്ങൾ രണ്ടാളും വണ്ടിയിലേക്ക് നോക്കി ഊരക്ക് കയ്യും കൊടുത്ത നെടുവീർപ്പിട്ടു . എന്നാൽ അമ്മ എന്നെ നോക്കിയാണ് "" നല്ലോണം കിട്ടും അച്ഛനോട് "" എന്ന് പറഞ്ഞത് . അത് എന്റെ പേടി ഒന്ന് കൂടി കൂട്ടി .
പിന്നെ അങ്ങോട്ട് അച്ഛൻ പുറത്തു പോയി വരുന്ന വരെ കനത്ത നിശബ്ദതയാണ് ഞങ്ങള്ക് രണ്ടു പേർക്കും . ഇടയ്ക്കിടെ അച്ഛമ്മ " ഇനിയിപ്പോ ഓൻ വന്നാൽ എന്താ ണ്ടാവാന്ന് അറീല്ല " എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ വീണ്ടും നെടുവീർപ്പിട്ടു .
ഞങൾ രണ്ടു പേരും വരാൻ പോകുന്ന വിപത്തിനെ മനസ്സിൽ ഓർത്തു . അറക്കാൻ പോണ ആടിന് കഞ്ഞിവെള്ളം കൊടുക്കുന്നത് ഓർമിപ്പിച്ചു കൊണ്ട് രണ്ടു പ്ളേറ്റുകളിൽ പൂള പുഴുങ്ങിയത് അച്ഛമ്മ എടുത്ത് ഞങ്ങൾക്ക് തന്നു . ചാവാൻ പോവുന്നവനെന്തിനാ പൂള , പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒക്കെ ഉണ്ടാവും അവസാനം കഴിച്ചത് പൂള ആണെന്ന് , അയ്യേ . എനിക്ക് തിന്നാൻ കഴിഞ്ഞില്ല . നല്ല പേടി ഉണ്ട് . ഇറങ്ങുന്നേ ഇല്ല . ഞാൻ സാതിയെ നോക്കി . അവൾ വെട്ടി വിഴുങ്ങുന്നുണ്ട് . ഇപ്പോഴും അവൾ ആരെയും ശ്രദ്ധിക്കുന്നില്ല . പുഴുങ്ങിയ പൂളയിൽ ആണ് ഫുൾ കോൺസെൻട്രേഷൻ . തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ട്. എന്നാലും ഒരാൾക്ക് പേടിച്ചിരിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ പൂള തിന്നാൻ പറ്റുന്നത് . അവസാനത്തെ തീറ്റ ആണെന്ന് കരുതിയിട്ടാവുമോ , അങ്ങനെ ആണെങ്കിൽ പാവം തിന്നട്ടെ . ഞാൻ തിന്നില്ല . 

അച്ഛമ്മ വേഗത്തിൽ കോലായിലേക്ക് നടക്കുന്നത് കണ്ടു . അതെ, ഞങ്ങൾ പേടിച്ചിരുന്നു ആ രംഗം ആയി , അച്ഛൻ തിരിച്ചെത്തി . അച്ഛമ്മ അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ട് , അനുനയനശ്രമമാണ് . അച്ഛൻ മുഖത്തു 10 കിലോ കനം തൂക്കി ഇട്ടു കൊണ്ട് വണ്ടി നിരീക്ഷിച്ചു . 

" അപ്പു ഇവടെ വാ " കൊലവിളി . ദൈവമേ ഞാനിതാ വരുന്നേ , "" ഏഹ് എന്താ വിളിച്ചത് ? അപ്പു എന്നോ , അപ്പൊ സാതി ?? " ആലോചിക്കാൻ സമയം കിട്ടുന്നതിന് മുൻപ് അടുത്ത വിളി വന്നു . ഞാൻ സാതിയെ നോക്കി അവൾ വായ നിറച്ചു പൂള തിരുകി വെച്ച് എന്നെ നോക്കുകയാണ് . ഞാൻ മുറ്റത്തേക്കിറങ്ങിയതും കൈ പിടിച്ചു പൊക്കി കൈ വെച്ച് അഞ്ചാറടിയാണ് കാലിന്റെ തുടക്ക് . കാലിനൊക്കെ നല്ല തണുപ്പ് , മരവിച്ചതായിരിക്കും .  വായിലൂടെ എന്തോ ഒന്ന് വന്നു , അകത്തെ വല്ല അവയവം  ആണോന്നറിയില്ല , ഞാൻ തുപ്പി കളഞ്ഞു . കാൽ അവിടെ തന്നെ ഉണ്ടോന്നു നോക്കിയപ്പോഴാണ് തണുപ്പിന്റെ കാര്യം പിടി കിട്ടിയത് . ഇത്തിരി മൂത്രം പോയിട്ടുണ്ട് ട്രൗസറിൽ . കാര്യമാക്കിയില്ല . ജീവൻ പോയില്ലല്ലോ , മൂത്രമല്ലേ . എന്തായാലും ഒഴിച്ച് കളയാനുള്ളതല്ലേ .. പോട്ടെ .

 കരച്ചിലൊക്കെ ഒന്ന് ആറി , വെക്കാൻ മറന്ന വാഴയുടെ കണക്കും പറഞ്ഞ് അച്ഛൻ അവിടന്ന് പോയി. അച്ചമ്മേം അമ്മേം കൂടെ വന്ന് എന്നെ രണ്ടു കയ്യിലും തൂക്കി പൊടി തട്ടി . നാസറാക്ക എയർ ഗൺ കൊണ്ട് വന്ന് കാക്കയെ വെടി വെച്ചു താഴെ ഇട്ടപ്പോൾ ബാപ്പുട്ടിയും കുഞ്ഞിമോനും ചത്ത കാക്കയെ കൊണ്ട് വന്നത് അങ്ങനെ ആയിരുന്നു . രണ്ടു ചിറകിലും പിടിച്ച് . അത് പോലെ . തൂക്കി അകത്തു കൊണ്ട് പോരുമ്പോ ഞാൻ മനസിലാക്കി , സാതി വിരുന്നുകാരി ആണ് . അവൾക്ക് തല്ലു കിട്ടൂല, ഇത് എന്റെ വിധിയാണ് . 

അടുക്കളയിൽ പഴയ സ്ഥലത്തു തന്നെ എന്നെ കൊണ്ട് ഇടുമ്പോ സാതി എന്നെ നോക്കുന്നുണ്ടായിരുന്നു , വായ നിറയെ പൂള നിറച്ചു കൊണ്ട് ഭാവമാറ്റം ഒന്നും ഇല്ലാതെ .



Saturday 30 September 2017

മണ്ടിക്കോ

യന്ത്രങ്ങളുടെ പ്രവർത്തനം പടിക്കൽ മാത്രമായിരുന്നില്ല ഞങ്ങൾക്ക് തിരൂർ പോളിടെക്‌നിക്‌ കോളേജ് . അതൊരു വികാരം ആയിരുന്നു . 8.40 ന് എഴുന്നേറ്റ് റെഡിയായി ബ്രേക്ക് ഫാസ്റ്റും കഴിച്ചു 9 മണിക്ക് ക്ലാസ്സിൽ എത്താനും , പേസ്റ്റില്ലാതെ പല്ലു തേക്കാനും സോപ്പില്ലാതെ കുളിക്കാനും എല്ലാം ഞങ്ങളെ പ്രാപ്തനാക്കിയത് ആ രണ്ടര  വർഷത്തെ ഹോസ്റ്റൽ ജീവിതമായിരുന്നു  (6 മാസം സസ്പെന്ഷനിൽ പുറത്തെ മുറിയിൽ ആയിരുന്നു ) .
മൂട്ട ആക്രമണത്തിൽ തളരാതെ സസുഖം ഉറങ്ങാനും കാറ്റത്തു സിഗരറ്റു കത്തിക്കാനും ബിയർ കുപ്പി വാ കൊണ്ട് തുറക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് SSM ബോയ്സ് ഹോസ്റ്റൽ ആയിരുന്നു .

3 മാസം സീനിയർസിന്റെ വക കട്ട റാഗിങ് ഞങ്ങൾ ഫസ്റ്റ് യേർസിനെ നന്നായി ഒരുമിപ്പിച്ചിരുന്നു . കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും ഉള്ള സ്റ്റുഡന്റസ് അവിടെ പഠിച്ചിരുന്നു . മനസ് കൊണ്ട് എല്ലാവരും സമാനരാണെങ്കിലും ഭാഷാ ശൈലി നന്നായി എടങ്ങേറാക്കിയിരുന്നു .
എറണാകുളം ടീമ്സിന്റെ നുമ്മ നിങ്ങയും കണ്ണൂർ ടീമിന്റെ എന്തീനൂ കുന്തീനൂ വും മലപ്പുറം ടീമ്സിന്റെ അതായത് ഞങ്ങളുടെ ഇജ്ജ് കുജ്ജ് കജ്ജ് എല്ലാം അന്ന്യോന്ന്യം മനസിലാക്കാൻ നല്ല പെടാപ്പാട് ആയിരുന്നു .

ആയിടക്കൊരു അവധി ദിവസത്തിൽ കൂട്ടത്തിലെ റഡാർ ബാബു സലാം , കോളേജിന്റെ ബാക്‌സൈഡിലെ വീട്ടിൽ നല്ല ഒട്ടു മാങ്ങാ മൂത്തു നിൽക്കുന്നുണ്ടെന്നും വീട്ടുകാരുടെ കണ്ണ് പെടാത്ത സ്ഥലമാണെന്നും കണ്ടു പിടിച്ചു റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഞാനടക്കം മലപ്പുറം കോയമാർ 7 പേരും എറണാകുളം കാരൻ ഒരു അജ്മലും കൂടി മാങ്ങാ പറിക്കാൻ തന്നെ ഉറപ്പിച്ചു മതിൽ ചാടി .
അതി രഹസ്യ സ്വഭാവത്തോടെ കിട്ടുന്ന കല്ലെല്ലാം ഞങ്ങൾ പെറുക്കി മാങ്ങക്ക് എറിയാൻ തുടങ്ങി. കിട്ടുന്ന മാങ്ങാ വീതം അപ്പൊ തന്നെ എറിഞ്ഞവർ കടിച്ചു തിന്നാൻ തുടങ്ങിയത് കണ്ട് കല്ലൊന്നും ലക്‌ഷ്യം കാണിക്കാൻ സാധിക്കാതിരുന്ന ഇർഫാൻ എല്ലാവരോടും ഹോസ്റ്റലിൽ എത്തിയിട്ട് തിന്നാമെന്നു പറഞ്ഞ് വഴക്കും തുടങ്ങി .

ഏറു നിർത്തി നിരാശയോടെ മതിലിൽ ചാരി ഇരുന്ന ഇർഫാൻ തന്നെ ആയിരുന്നു പറമ്പിന്റെ സൈഡിൽ നിന്ന് കാട്ടുപോത്തു പോലൊരു മനുഷ്യൻ അതായത് ആ വീട്ടുകാരൻ ഓടി വരുന്നത് ശ്രദ്ധിച്ചത് . അതിവേഗത്തിൽ എല്ലാവരുടെയും ഇടയിൽക്കൂടെ ഒന്ന് വട്ടം കറങ്ങി " മണ്ടിക്കോ മണ്ടിക്കോ  " എന്ന് സിഗ്‌നൽ കൊടുത്തു ഇർഫാനും പിന്നാലെ ഞങ്ങളെല്ലാവരും മതിൽ ചാടി തിരിഞ്ഞു നോക്കാതെ ഓടി .

ഹോസ്റ്റലിൽ എത്തി  നാക്ക് പുറത്തേക്കിട്ട്  പട്ടി കിതക്കും പോലെ കിതച്ചോണ്ട് നിന്നപ്പോഴാണ് ബാബു അങ്ങോട്ട് ചാടിയപ്പോൾ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചു ചാടിയ കൂട്ടത്തിൽ ഇല്ല എന്ന കാര്യം ശ്രദ്ധിച്ചത് . നോക്കിയപ്പോൾ ശെരിയാണ് . 8 പേര് പോയതിൽ 7 പേരെ ഇപ്പോൾ കൂട്ടത്തിൽ ഉള്ളു .
ആരാണ് മിസ്സിംഗ് ആയത് , ഞങ്ങൾ ഇരുന്ന് ആലോചിച്ചു , " വാഴ !!! വാഴക്കോടൻ !! " . ഇർഫാൻ അലറി . അതെ വാഴക്കോടൻ എന്ന എറണാകുളം മച്ചാൻ അജ്മലിനെ കാണാനില്ല . എവിടെ പോയി . ഞങ്ങള്ക് ഒരു പിടിയും കിട്ടിയില്ല .

 "  മണ്ടിക്കോ !! " , വീണ്ടും സിഗ്നൽ , ഹോസ്റ്റലിന്റെ പുറത്തു ഇരുന്ന ഞങ്ങൾ അകത്തേക്ക് ഓടി ജനലിൽക്കൂടെ പുറത്തേക്ക് നോക്കി, പറമ്പിന്റെ ഓണറും സാക്ഷാൽ വാഴക്കോടനും വാർഡന്റെ റൂമിന്റെ മുന്നിലേക്ക് നടന്നു വരികയാണ് . രണ്ടെണ്ണം കിട്ടിയ മട്ടുണ്ട് . ഞാൻ ആത്മഗതം പറഞ്ഞു .
പിള്ളേരുടെ തെമ്മാടിത്തരം ഒക്കെ റിപ്പോർട്ട് ചെയ്ത് അയാൾ തിരിച്ചു പോയി . വാർഡൻ ദാസേട്ടൻ ആദ്യം ഇടഞ്ഞെങ്കിലും  " ഹോസ്റ്റലിൽ ചമ്മന്തി അരക്കാൻ മാങ്ങാ നോക്കി പോയതാ ദാസേട്ടാ " എന്ന് ദയനീയ ഭാവത്തിൽ പറഞ്ഞപ്പോൾ ദാസേട്ടന്റെ മനസ്സലിയുകയായിരുന്നെത്രെ .

നനഞ്ഞ കോഴിയെപ്പോലെ റൂം വരെ വന്ന വാഴക്കോടൻ റൂമിലേക്ക് കയറിയതും മുട്ടയിട്ട കോഴിയെ പോലെ കൊക്കികൊണ്ട് അലറി , " പറയാതെ ഓടി പണി തന്നല്ലേ പട്ടികളെ "
ഇർഫാൻ ചോദിച്ചു " അന്നോടും ഞാൻ മണ്ടിക്കോ എന്ന് പറഞ്ഞതല്ലേ , എന്തിനാ അവുടെ തന്നെ നിന്നത് " .

മണ്ടിക്കോ എന്ന് പറഞ്ഞാൽ മലപ്പുറം ഭാഷയിൽ ഓടിക്കോ  എന്ന് പറയുന്നതാണെന്ന് പാവത്തിന് മനസിലായില്ലത്രേ , പുള്ളി വിചാരിച്ചത് ഇർഫാൻ വല്ല പാട്ടും പാടുകയാവും എന്നാണത്രെ .



Friday 29 September 2017

കള്ളി വെളിച്ചത്ത്

                     പ്രേമം വീട്ടുകാർ അറിയാതെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് നാലഞ്ച് കൊല്ലം കഴിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം ജീവിതം തിരൂർ ഹോസ്റ്റലിലും ബാംഗ്ലൂരിലും ഒക്കെ ആയിരുന്ന കാരണം ഫോൺ വിളികൾ എല്ലാം സ്മൂത്ത് ആയി നടന്നു പോന്നിരുന്നു .ഇടക്ക് നാട്ടിൽ വരുമ്പോൾ ഉള്ള മീറ്റിംഗ് ഫ്രണ്ട്സിനെ കാണാനുള്ള പോക്ക് എന്ന വിധത്തിൽ സ്കൂട് ആകപ്പെട്ടിരുന്നു . ഇങ്ങനെ ജീവിതം പ്രേമസുരഭിലവും കാശിനു ടൈറ്റുള്ളതുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
         ഒരു വര്ഷം കഴിഞ്ഞപ്പോൾ സുഖത്തിന്റെ ആധിക്യം കാരണം , ബാംഗ്ലൂരിലെ ജോലി ഐക്യകണ്ഡേന രാജി വെച്ചു ഞങ്ങൾ സഹമുറിയന്മാർ 5 പേരും പെട്ടീം വട്ടീം എടുത്ത് നാട്ടിലേക്ക് വണ്ടി കയറി . നിന്നെ തന്നെ കെട്ടണമെന്നുണ്ടെങ്കിലും മിനിമം ഒരു താലി കെട്ടാനുള്ള ആരോഗ്യം ഉള്ള ശരീരം എങ്കിലും വേണ്ടേ . അതിന് ഇനിയും ബാംഗ്ലൂർ പട്ടിണി കിടന്നാ ശരിയാവില്ലെന്ന് പറഞ്ഞ് ഒരു വിധം മുന്നയെയും രണ്ടു മാസത്തിനകം ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ച പോകുമെന്ന് പറഞ്ഞ് വീട്ടുകാരെയും സമാളിച്ചു .

   അങ്ങനെ വീട്ട്കാർക്ക് ഭാരവും കൂട്ടുകാർക്ക് ശല്യവുമായി വേലേം കൂലീം ഇല്ലാതെ കുറച്ചു കാലം ജീവിച്ചു . തിന്നാൻ തന്ന പൈസ മുതലാക്കാൻ  റേഷൻ കടയിൽ പോകൽ അടക്ക പെറുക്കി കൂട്ടൽ വീട്ടുകാരെ ഡ്രോപ്പ് ചെയ്യൽ തുടങ്ങിയ പണികൾ ചെയ്യിപ്പിച്ചിരുന്നു . ഇടക്ക് വല്ല കല്യാണ വർക്കും കിട്ടിയാൽ ചില്ലറ വല്ലതും തടയുന്നത് വെച്ചു മൊബൈൽ റീചാർജ് , പെട്രോൾ ക്യാഷ് , സിഗരറ്റു ക്യാഷ് എന്നിവ നടന്നിരുന്നു .
അങ്ങനെ ഇടക്ക് പ്രേമിക്കാൻ പോക്കും ബാക്കി സമയങ്ങളിൽ ഫോണിൽ കളിയും ഒക്കെ ആയി ജീവിതം മുന്നോട്ട് പോകുന്ന സമയത് ഒരു ദിവസം അച്ഛൻ അരീക്കോടേക്ക്‌ വണ്ടി എടുത്ത് വരാൻ വിളിച്ചു പറഞ്ഞു . വീട്ടിലിരുന്ന് മൂട് തരിച്ച ഞാൻ പാന്റും വലിച്ചു കേറ്റി ഗ്ലാമർ ബൈക്കും എടുത്ത് ചിക് ചിക് ചിക് ചിക് ചിറകിൽ പാട്ടൊക്കെ പാടി മൂർക്കനാട് പാലം വരെ പോയി ബൈക്കിനെ അവിടെ തളച്ചു തൂക്കുപാലം കടന്ന് അരീക്കോടേക്ക് പോയി .

കടയിൽ വാങ്ങി വെച്ച പലചരക്കു സാധനങ്ങൾ ഒറ്റക്ക് ചുമക്കാൻ പാടായതിനാൽ ആയിരുന്നു എന്നെ വിളിച്ചത് . അങ്ങനെ എംസി ട്രേഡേഴ്സിൽ നിന്ന് രണ്ടു കവർ കയ്യിൽ തൂക്കി പിടിച്ചു ഞാൻ അച്ഛന്റെ പിന്നിൽ നടന്നു .

വഴിയിൽ വെച്ചു സംസാരത്തിനിടെ അച്ഛൻ എന്നോട് രാവിലെ അരീക്കോടേക്ക് വരുന്ന വഴി പാലത്തിൽ രണ്ടു കമിതാക്കൾ നിന്ന് സംസാരിക്കുന്ന രംഗം വിവരിച്ചു.
" എന്തെല്ലാം പ്രതീക്ഷകളുമായിട്ട അവരുടെ അച്ഛനമ്മമാർ അവരെ പഠിപ്പിക്കുന്നത് , എന്നിട്ട് നാണവും മാനവും ഇല്ലാതെ ആൾക്കാർ കാൺകെ ശൃംഗരിക്കുന്നു ".
സാമൂഹിക പ്രതിബദ്ധത ഉള്ള എന്റെ ഉള്ളിലെ ഞാൻ പ്രതികരിച്ചു . " അത് ശരിയാ . പഠിക്കാൻ വിടുന്ന കാലത്തു അവർക്കു ഇതൊക്കെ ഒരു രസാ , കൊറേ കഴിഞ്ഞ ജീവിതോം കിട്ടൂല കരിയറും പോവും . ബുദ്ധി ഇല്ലാഞ്ഞാൽ എന്താ ചെയ്യാ ".
ഇങ്ങനെ ഉത്തമ പുരുഷോത്തമനായി കൊണ്ട് ഞാൻ ,  കാലഹരണപ്പെട്ടു പോയേക്കാവുന്ന കാലത്തിന്റെ കാല്പനികതയായും പക്വതയില്ലാത്ത പ്രായത്തിന്റെ പ്രവചനങ്ങളായും നേർകാഴ്ചയില്ലാത്ത നേരത്തെ നേരമ്പോക്കായുമെല്ലാം പ്രേമത്തെ കുറിച്ചു ആഞ്ഞടിച്ചു .
എന്നെക്കുറിച്ചോർത് അച്ഛൻ അഭിമാനിക്കുന്നുണ്ടാവും എന്ന് തന്നെ ഞാൻ അടിയുറച്ചു വിശ്വസിച്ചു .

ആ ദിവസം അങ്ങനെ നോർമലായി തന്നെ കടന്നു പോയി , പിറ്റേ ദിവസം എന്റെ രാവിലെ 10 മണിക്ക് എഴുന്നേറ്റു ചെന്നപ്പോൾ 'അമ്മ " അനക്കെന്താടാ ആ തിളക്കം ജ്വലറീലെ ആളെ കുട്ടിം ആയിട്ട് ബന്ധം "  എന്ന് ചോദിച്ചപ്പോഴായിരുന്നു ഞാനും അച്ഛനും  ഇന്നലെ ഘോരഘോരം പുച്ഛിച്ചത് എന്നെ തന്നെ ആയിരുന്നു എന്നെനിക്ക് മനൻസിലായത് .

പിന്തുടർന്ന് പല സംഭവവികാസങ്ങളും ഉണ്ടായെങ്കിലും അന്നെനിക്ക് ബോധ്യമായ ഒരു സംഗതി ആയിരുന്നു . പ്രേമം ഉണക്കമീൻ തിന്നുന്ന പോലെ ആണ് . നമ്മൾ തിന്നുമ്പോ ടേസ്റ്റ് മാത്രേ നോക്കൂ , മറ്റുള്ളവർ തിന്നുമ്പോ ആണ് നമുക്ക് മണം വരുന്നത് .

എന്നാലും കുന്തലതേ.... സ്റ്റിൽ ഐ ലവ് യൂ...


         

Wednesday 30 August 2017

ദുർബലൻ


                 കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ വെറുതെ ഓർക്കാറുണ്ടായിരുന്നു , ഓരോരുത്തർക്കും അവരവരുടെ രൂപം എത്ര മോശമാണെങ്കിലും എന്നെക്കാണാൻ വല്യ കുഴപ്പമില്ല എന്ന ചിന്ത ഇല്ലെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെയും മനുഷ്യരുടെയും അവസ്ഥ . കണ്ണാടികളേ ഇല്ലാത്തൊരു ലോകമാവുമായിരുന്നു നമ്മുടേത് . സെക്കന്റ് സിവിലിലെ ബബിത ഒക്കെ കുളിക്കാതെ മുടി ചീവാതെ പല്ലു തേക്കാതെ ക്ലാസ്സിൽ വരുന്ന കാഴ്ച കാണേണ്ടി വരുമായിരുന്നു . ഓ അത്യന്തം മ്ലേച്ഛകരമായ ലോകം ആവുമായിരുന്നു അത്.  ഇന്നെത്ര കുളിർമ ഉണ്ട് അവൾ  രാവിലെ ഗേറ്റ് കടന്ന് വരുന്നത് കാണാൻ തന്നെ .
സ്വയം അർപ്പിച്ച വിശ്വാസമാണ് മനുഷ്യന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് .

        ഈ വിധം എൻ്റെ സൗന്ദര്യത്തിൽ അതിയായ ആത്മ വിശ്വാസവും എനിക്കുണ്ടായിരുന്നു . രാവിലെ എണീറ്റു പഴങ്കഞ്ഞിയും പുറമെ പ്രാതലും രണ്ടു നേരം ചോറും കറിയും ഉറങ്ങുന്നതിനു മുൻപേ പാലും കുടിച്ചിട്ടും 48 - 50 എന്ന ലെവലിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ബോഡി വെയിറ്റിൽ മാറ്റം വരുത്താൻ എന്നെ കൊണ്ട് പറ്റിയിരുന്നില്ലെങ്കിലും കൊയ്ത്തു കഴിഞ്ഞ പാടത്തു നെല്ലിന്റെ കുറ്റി ഇരിക്കുന്ന പോലെ അങ്ങിങ് മുളച്ചു നിൽക്കുന്ന താടി രോമവും തൊലിയടക്കം വടിച്ചിട്ടും വട്ടം വരാൻ കൂട്ടാക്കാത്ത മീശയും ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ആത്മ വിശ്വാസത്തിൽ കടുകിട ഇളക്കം വന്നിരുന്നില്ല .
പ്രേമാഭ്യർത്ഥനകൾ നിർദാക്ഷിണ്യം റിട്ടേൺ അടിക്കുകയും കഴിവുള്ളവർ കമ്മിറ്റഡ് ആയി നടക്കുന്നത് കാണുകയും ചെയ്യുമ്പോൾ എന്നിലെ സിംഗിൾ ബാച്‌ലർക്ക് ചെറിയ മനോവിഷമം ഉണ്ടാവാറുണ്ടായിരുന്നുവെന്നതൊഴിച്ചാൽ .


      കാഴ്ചയിലേ ദുർബലൻ പോരാത്തതിന് ഗർഭിണൻ എന്ന് പറഞ്ഞ പോലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ പുരുഷകേസരികളുടെ ദൗർലഭ്യം കാരണം കോളേജ് ഫുട്ബോൾ ലീഗിൽ എന്നെ ഗോൾ കീപ്പർ ആക്കി . പന്ത് യഥാർത്ഥത്തിൽ ഉരുണ്ടിട്ടാണോ ചതുരത്തിലാണോ എന്ന് തീർച്ചപ്പെടുത്താൻ അനുഭവങ്ങൾ  അത് വരെ കുറവായിരുന്നു എനിക്ക് .  7 ആം മിനുറ്റിൽ എതിരെ വരുന്ന പന്ത് വലതു വശത്തു കൂടെയാണോ ഇടതു വശത്തു കൂടെയാണോ എന്ന് സ്ഥിരീകരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് മൂക്കിന്റെ മൈത്ര പാലത്തിനൊരു ഇളക്കവും ചെവിയിൽ ഒരു തേനീച്ചയെയും സമ്മാനിച്ച് കൊണ്ട് വന്നു പതിച്ചു . പന്ത് എന്റെ മുഖത്തു തട്ടി പോസ്റ്റിന്റെ പുറത്തേക്കും ഞാൻ പോസ്റ്റിന്റെ അകത്തേക്കും വന്നു വീണു . ഗോൾ തടുത്ത എന്നെ ആരാധകർ അഭിനന്ദിക്കുകയും ശേഷം ഉറങ്ങിക്കോട്ടെ എന്ന് കരുതി എന്നെ ഗ്രൗണ്ടിന്റെ സൈഡിലേക്ക് എടുത്തു കിടത്തി കളി തുടരുകയുമായിരുന്നുവെന്ന് പിന്നീട് ആരോ പറഞ്ഞ്  അറിഞ്ഞു .

ഇങ്ങനെ സംഭവ ബഹുലമായി ജീവിതം കടന്നു പോകുന്ന സമയത്താണ് പ്രേമം രണ്ടാം ഭാഗം സ്റ്റാർട് ചെയ്യുന്നതും ദിവസങ്ങൾ പുഷ്പിതമാവുന്നതും . ആദ്യ ഭാഗം കഴിഞ്ഞ് രണ്ടു വർഷത്തിൽ കൂടുതൽ ആയതിനാൽ പണ്ടത്തെ ഇമ്പ്രെഷൻസ് ആൾറെഡി എക്സ്പയർ  ആയി പോയിരുന്നു .  ഈ തവണത്തേത്‌ ഇത്തിരി തീരുമാനിച്ചുറപ്പിച്ച പോലെ ആയിരുന്നതിനാൽ ഇമ്പ്രെസ്സിങ് അത്യാവശ്യമായിരുന്നു .
പഴയ ഓർമകളുടെ പുറത്തു ഓവർ ഇന്ററാക്ട് ചെയ്യാനോ പുഷ്പ്പിക്കാൻ പോയി  ഒരു ബാഡ് ഇമ്പാക്ട് വരുത്തിയാലോ അതെനിക്ക് തന്നെ ക്ഷീണമാണെന്ന് ഞാൻ ഭയന്നിരുന്നു .
അത് കൊണ്ട് സംഭാഷണങ്ങളിൽ അതി കൊടൂര ഇംഗ്ലീഷ് അതിപ്രസരവും ശുദ്ധമലയാളവും മുഴച്ചു നിൽക്കുകയും ഡ്രസ്സിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു പോന്നിരുന്നു .

എല്ലാ തിങ്കളാഴ്ചയും ഒരാഴ്ചത്തേക്കുള്ള ഡ്രെസ്സും എടുത്ത് കുമാരി കുറ്റിപ്പുറത്തേക്കും ഞാൻ തിരൂരിലേക്കും ബസ് കയറാൻ എത്തുമ്പോൾ അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഞങ്ങൾ മീറ്റ് ചെയ്തിരുന്നത് . ആ ദിവസം ഏറ്റവും പുതിയ ഷർട് ഇടാനും തലേന്ന് ജോഗ്ഗർ വള്ളിക്കെട്ട് ചെരിപ്പ് നല്ല പോലെ ഉരച്ചു കഴുകാനും ഞാൻ ശ്രദ്ധിച്ചിരുന്നു .
ആയിടെ ഒരു തിങ്കളാഴ്ച പച്ചയിൽ കറുപ്പ് കള്ളി ഷർട്ടും കറുപ്പ് സ്കിൻ ഫിറ്റ് പാന്റും ജോഗറിന്റെ ചെരുപ്പും ഇട്ട് കുമാരിയെ ഇമ്പ്രെസ്സ് ചെയ്യാൻ തന്നെ തീരുമാനിച്ചു ഞാൻ നേരത്തെ ബസ് സ്റ്റാൻഡിൽ എത്തി .

 ടൈൽസ് ഒട്ടിച്ച തൂണിൽ ചാരി തല ലേശം ചരിച്ചു തൂണിലേക്ക് ചേർത്ത് വെച്ച് കൈ കെട്ടി പൃഥ്വിരാജ് തന്നെ എന്നോർത്തു ഞാൻ നിന്നു . മേൽ പറഞ്ഞ വിധം അരോഗദൃഢഗാത്രനായ 48 കിലോയും 5.അടി 10 ഇഞ്ച്  നീളവും ഒട്ടിയ കവിളും ഉള്ള ഞാൻ എന്റെ അപ്പോഴത്തെ  നിൽപ് കുമാരിയുടെ ഹൃദയത്തിൽ ചില്ലിട്ടു ചുമരിൽ കേറും എന്ന് തന്നെ വിശ്വസിച്ചു . കുമാരി വന്നപ്പോഴും ശബ്ദം താഴ്ത്തി കേഷ്വൽ ടോക്ക് നടത്തിയപ്പോഴും 10 മിനിറ്റിനു ശേഷം കുമാരി കുറ്റിപ്പുറം ബസ് കയറി പോയപ്പോഴുമെല്ലാം ഞാൻ എൻ്റെ അതെ നിൽപ് തുടർന്നിരുന്നു . തല അല്പം ചെരിച്ചു കൈ കെട്ടി തൂണിൽ ചാരി .

അവൾ പോയി കഴിഞ്ഞപ്പോൾ 70 നു മേൽ പ്രായം വരുന്ന ഒരു മൊല്ലാക്ക എൻ്റെ അടുത്ത് വന്ന് എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു . " മോനെ ഞാൻ കൊറേ നേരം ആയി നോക്ക്ണ്, എന്തേലും വയ്യായി ണ്ടോ ? ,  ചാരി നിക്കണത് കണ്ടട്ട് തല മിന്നൽ ഉള്ള പോലെ തോന്ന്ണ്ട്, ചായ കുടിക്കണോ അനക്ക് ? "

  എൻ്റെ അപ്പിയറൻസ് സങ്കല്പങ്ങൾ മുഴുവൻ തകർത്തു ചന്തിയിൽ  കാന്താരി തേച്ചതിനെക്കാളും നീറ്റൽ തന്ന അഭിപ്രായം പറച്ചിൽ ആയിരുന്നു അത് .   അപ്പൊ ഇത്രയും നേരം എൻ്റെ നിൽപ് കണ്ടിട്ട് എനിക്ക് വയ്യെന്ന് കരുതിയിട്ടാവണം അവൾ എന്നോട് ചായ കുടിച്ചോ എന്ന് ചോദിച്ചത് , , അല്ലാ അതൊരു കേഷ്വൽ ചോദ്യം അല്ലാ .. ഹെൻ്റെ പ്രിത്വിരാജേട്ടാ  .....



Tuesday 29 August 2017

ശൈശവ വിവാഹം

                
              കോളേജിൽ പഠിക്കുന്ന സമയം ആയതു കൊണ്ടും ഹോസ്റ്റൽ ഫീസിന്റെയും വണ്ടിക്കൂലിയുടെയും പുറമെ ഒരു സിഗരറ്റു വാങ്ങാനുള്ള പൈസ പോലും വീട്ടിൽ നിന്ന് വാങ്ങാൻ അറിയാത്ത സത്യസന്ധൻ ആയിരുന്നു ഞാൻ .  ഇട സമയങ്ങളിൽ ജോലിക്ക് പോയി പൈസ സമ്പാദിക്കാൻ വളരെ ചുരുക്കം ജോലികളെ അറിയാമായിരുന്നതിനാൾ  കയ്യിൽ വട്ടച്ചെലവിനുള്ള പൈസ വളരെ കുറവായിരുന്നു .
ആകെ പോയിരുന്ന ജോലി പാപ്പൻ്റെ കൂടെ കല്ല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നതിന് ലൈറ്റ് പിടിക്കാൻ ആയിരുന്നു . ജോലി ഭാരം കുറവായതിനാലും നല്ല ഫുഡ് കിട്ടുമെന്നതിനാലും പിന്നെ ഒരു കൂട്ടം തരുണീമണികളുടെ ഒത്ത നടുക്ക് ഒരു തരുണീമണൻ ആയിട്ട് ഇങ്ങനെ നിൽക്കാമെന്ന കാരണത്താലും സിഗരറ്റു കാശെങ്കിലും ആയല്ലോ എന്ന നിലപാടിൽ ഞാൻ പാപ്പൻ വിളിക്കുമ്പോൾ യാതൊരു ഇഷ്ടക്കേടും ഇല്ലാതെ ശനി ഞായർ ദിവസങ്ങളിൽ കല്യാണ വർക്കിന് പോയിരുന്നു .
പാപ്പന് ഞാൻ ഒരു പണി അറിയാത്ത പണിക്കാരൻ ആയിരുന്നെങ്കിലും പൈസ ഒന്നും കുടുംബത്തിന്റെ പുറത്തേക്ക് പോവണ്ട എന്ന് കരുതിയിട്ടാവണം എന്റെ കാൾ ഷീറ്റ്  കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റു ലൈറ്റ് ബോയ്സിനെ വിളിച്ചിരുന്നുള്ളു .
പോവുന്നിടത്തെല്ലാം അവിടെ ഉള്ള സുന്ദരിമാർക്കെല്ലാം തിരിച്ചു കിട്ടുന്നുണ്ടോ എന്ന് പോലും വേർ  തിരിക്കാതെ  യദേഷ്ടം ലിബറൽ ആയി ഞാൻ കടാക്ഷം കൊടുക്കാറുണ്ടായിരുന്നു . കൂട്ടത്തിൽ ഒരുത്തി പോലും ദയ കാണിക്കാറില്ലായിരുന്നെങ്കിലും ഏതെങ്കിലും ഒരു തരളിത ജനാലക്കപ്പുറമോ കർട്ടന്റെ അപ്പുറമോ നിന്ന് എന്നെ വീക്ഷിക്കുന്നുണ്ടാവും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .


                  ഈ വിധം കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന സമയത്താണ് ആദ്യ ബ്രേക്കപ്പിനും രണ്ടു വർഷത്തെ ഇടവേളക്കും ശേഷം വീണ്ടും കണ്ടിന്യൂ ചെയ്യാൻ തീരുമാനിച്ചു വീണ്ടും പ്രണയ മധുരം നുകരാൻ മിസ് തോട്ടിൻറ്റക്കരെയും  മിസ്റ്റർ തച്ചാംപറമ്പും തുടങ്ങിയത്.
കൗമാരം മാറി യുവത്വം ജമ്പ് സ്റ്റാർട്ട് ചെയ്ത പോലെ . മീശയും താടിയും ഇല്ലത്തൂന്ന് ഇറങ്ങും ചെയ്തു അമ്മാത്തേക്ക് എത്തിയതുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന കാലം . 6 അടിക്ക് ഒന്നര ഇഞ്ച് കുറവ് നീളവും   48 കിലോ തൂക്കവും ഉള്ള നായകനും 20 വയസിൽ പുര നിറഞ്ഞു നിൽക്കുന്ന നായികയും പ്രേമിച്ചു തകർക്കുന്ന സമയത്താണ് ഇടിവെട്ട് പോലെ ബ്രോക്കർ കുഞ്ഞാണി മുന്നകുമാരിക്ക് ഒരു ആലോചനയുമായി വന്നത് . 

    പുത്തൻവീട്ടിൽ ഗോവിന്ദേട്ടന് കെട്ടിക്കാനായൊരു മോളുണ്ട് കുറ്റിപ്പുറത്തു നിന്ന് പടിക്കാണ് എന്നൊക്കെ കേട്ട മൂപ്പിലാൻ കുടിച്ചോണ്ടിരുന്ന ചായ ഇറയത്തേക്ക് നീട്ടി ചിന്തി അയേൽ കിടന്ന ഷർട്ടെടുത്തിട്ട് മൂന്ന് കുടുക്ക് ഇട്ടും മൂന്ന് കുടുക്ക് ഇടാതെയും ഗോവിന്ദേട്ടൻ്റെ വീട്ടിലേക്ക് വെച്ച് പിടിച്ച നേരത്താണ്   ഗോവിന്ദേട്ടൻ്റെ ശ്രീമതി ഗീതേച്ചിയെ കണ്ടതും കാര്യം പറഞ്ഞതും . കുട്ട്യാളെ അച്ഛൻ അവിടെ ഇല്ല . ഉള്ള സമയം നോക്കി വന്ന് നേരിട്ട് പറഞ്ഞോളി എന്ന് കേട്ട കുഞ്ഞാണി നഷ്ടം വന്ന ചായ നാളെ മൊതലാക്കാ എന്ന് സമാധാനിച് തിരിച്ചു നടന്നു .
വീട്ടിലെത്തിയ ഉടനെ ബ്രോക്കറെ വഴിയിൽ കണ്ട കാര്യം മോളെ കെട്ടിക്കാനായല്ലോ ആൾക്കാർ ചോദിച്ചു തുടങ്ങി എന്ന ആധിയോടെ ഗീതേച്ചി  അവതരിപ്പിച്ചു . കാര്യം കേട്ട ഉടനെ കാമുകൻ്റെ ഇപ്പോഴത്തെ രൂപവും അവസ്ഥയും പഴയ ഒരു ശോകഗാനത്തിന്റെ അകമ്പടിയിൽ മുന്നകുമാരിയുടെ മനസിലൂടെ മിന്നി .

         കാര്യം കേട്ട് തന്നാലാവുന്നതിൻ്റെ മാക്സിമം ലെവലിൽ ഒരു നെടുവീർപ്പ് ഞാൻ പുറത്തു വിട്ടു .  ഇനിയെന്ത് ചെയ്യും എന്ന് ഇരുന്നാലോചിച്ചിട്ടും നിന്നാലോചിച്ചിട്ടും കുട്ടിമാക്കാൻ്റെ  കുളത്തിൽ മുങ്ങി കിടന്നാലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല . 21 തികയാത്ത ചെറുക്കൻ വീട്ടിൽ പ്രേമം അവതരിപ്പിച്ചാൽ വെള്ളത്തിൽ കീഴ് ശ്വാസം വിട്ട പോലെ ഒരു എഫക്റ്റും ഇല്ലാതെ രണ്ടു കുമിള പൊട്ടുന്ന പോലെ പൊട്ടി പോവുകയേ ഉള്ളു . ഒരു കാര്യോം ഉണ്ടാവില്ല . ഉള്ള മാനം പൊയ്പോകും എന്നല്ലാതെ .
അത്താഴം മുടക്കാൻ കുഞ്ഞാണി വിചാരിച്ചാലും പറ്റുന്നത് കൊണ്ട് രണ്ട് ദിവസം വിശപ്പും ദാഹവും ഒക്കെ വീക്കെൻഡ് ആഘോഷിക്കാൻ ലീവെടുത്തു .എന്റെ മാറ്റം വീട്ടുകാർക്കും പിടുത്തം കിട്ടിയെന്നു ഞാൻ മനസിലാക്കിയത് നാലാം  ദിവസം അമ്മ ച്യവനപ്രാശം കൊണ്ട് തന്നപ്പോഴായിരുന്നു . മര്യാദക്ക് ചോറ് പോലും തിന്നാൻ വയ്യാത്ത ഞാൻ ആണ് ഈ കറുകറുത്ത അണ്ണാക്കിൽ ഒട്ടുന്ന ലേഹ്യം തിന്ന് ആരോഗ്യം നോക്കുന്നത് . 
ഇതൊന്നും വേണ്ടമ്മേ  ഞാൻ അമ്മക്കൊരു മരുമോളെ കൊണ്ട് വന്നാലോ, അമ്മക്കും ഒരു കൂട്ടാവും എനിക്ക് നല്ലോണം ഭക്ഷണം കഴിക്കാനും തോന്നും എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ച്യവണം പോയിട്ട് പച്ചവെള്ളം കിട്ടാതെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന സത്യം ഓർമിച്ചു ഞാൻ മിണ്ടാതിരുന്നു .

ഇരുത്തി വലിച്ച നാല് സിഗരറ്റിന്റെ സപ്പോർട്ടിലും ആത്മമിത്രം മാനുവിന്റെ ഒടുക്കത്തെ സപ്പോർട്ടിലും വരുന്നിടത്തു വെച്ച കാണാം , പെണ്ണ് കാണാൻ വരുന്ന ചെറുക്കനോട് കാര്യം പറയാം എന്ന നിലപാടിൽ ഞാൻ എത്തി, കുറച്ചു പേടിച്ചാണെങ്കിലും കുമാരിയും എത്തി . 
നാല് ദിവസം കഴിഞ്ഞും കുഞ്ഞാണിയെ കാണാതായപ്പോൾ തെല്ലൊരാശ്വാസത്തിന്റെ പാതയിലൂടെ ആയിരുന്നു ഞങ്ങളുടെ പോക്ക് .

അഞ്ചാം ദിവസം ഗോവിന്ദേട്ടൻ വീട്ടിലുള്ള ദിവസം നോക്കി വൈകുന്നേരം ഏകദേശം 3. 30 ആയപ്പോൾ കുഞ്ഞാണി ഗേറ്റ് കടന്ന് വന്നു . ഞായറാഴ്ച ആയതിനാൽ കുമാരി കൂട്ടുകാരികളുടെ വീട്ടിൽ സന്ദർശനത്തിന് പോയതിനാൽ, കാര്യം അവതരിപ്പിച്ച ശേഷവും ഡിമാൻഡുകൾ അറിഞ്ഞ ശേഷവും കുട്ടിയെ കൂടി കണ്ടിട്ടു പോവാം എന്ന നിലപാടിൽ കുഞ്ഞാണി കുട്ടിയെ വെയ്റ്റ് ചെയ്തു കോൺവെർസേഷൻ രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ഉഗാണ്ട വഴി ഉഗ്രപുരത്തേക്കും ഒക്കെ നീട്ടി കൊണ്ട് പോയി . 
ചോറും തിന്ന് ചെറുത് രണ്ടെണ്ണം വിട്ട് ഒന്ന് മയങ്ങാമെന്നു കരുതി ഇരുന്ന ഗോവിന്ദേട്ടൻ കുഞ്ഞാണിയുടെ തീരുമാനത്തിൽ തെല്ലൊരു ഫ്രസ്‌ട്രേഷൻ കാണിക്കാൻ ഇടക്കിടക്ക് കോട്ടുവാ ഇട്ടു . 

    പാത്രത്തിലെ മിച്ചറിൽ കറിവേപ്പിലയും  ചായ ഗ്ലാസിൽ പൊടി മാത്രവും ആയപ്പോൾ പെൺ വീട്ടുകാരുടെ സ്വത്തു വകകളിൽ ഒരു നോട്ടമാവാം എന്ന നിലക്ക് ഇതിപ്പോ വീടടക്കം എത്ര സെന്റാ എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞാണി മുറ്റത്തേക്കിറങ്ങി , പിന്നാലെ ഗോവിന്ദേട്ടനും . 
സർവ്വേ തുടർന്ന് കൊണ്ട് കുഞ്ഞാണി വീടിന്റെ വലതു ഭാഗത്തേക്ക് എത്തിയപ്പോഴാണ്  ആ ഭാഗത്തെ അര  മതിലിന്റെ മേലേക്കൂടെ ഒരു ജോഡി ചെരുപ്പ് വന്നു വീണത് . ഇതെന്തെടാ എന്നാലോചിക്കുമ്പോഴാണ്  പിന്നാലെ ഒരു കുടയും അങ്ങോട്ടിട്ട് കൊണ്ട് മുന്നകുമാരി മതിൽ ചാടി കടന്ന് വന്നത് . വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോട്ടം ക്രോസ്സ്  ചെയ്താൽ റോട്ടിലൂടെ വരുന്ന സമയത്തിന്റെ നാലിൽ ഒരു സമയം കൊണ്ട് വീട്ടിലെത്താമെന്നത് കൊണ്ട് ഒരു മതിൽ ചാടി കടക്കേണ്ട പ്രോബ്ലെമേ ഉള്ളു എന്ന  നിഷ്ക്കളങ്കമായ ചിന്തയുമായി ചാടിയ കുമാരിയെ കാണിച്ചു ഗോവിന്ദേട്ടൻ പറഞ്ഞു . ഇതാ മോൾ .

     വാഴത്തോട്ടത്തിൽ അത്യാവശ്യം ചെളി നിറഞ്ഞതിനാൽ കാലിൽ പറ്റേണ്ട എന്ന് കരുതി മുട്ട് വരെ തെറുത്തു കയറ്റി വെച്ച പാന്റ്റും ഏതോ വാഴയുടെ തൂങ്ങി കിടന്ന ഇലയിൽ നിന്ന് തലയിൽ പറ്റിയ മാറാലയും ആയി വഴീൽന്നു പെറുക്കിയ പഞ്ചാരമാങ്ങ പൊതിഞ്ഞു ഷാളിൽ കെട്ടി ഒരു കിഴിയും ആയി വന്ന കുമാരിയെ നോക്കി  മുഖത്തൊരു ചിരി വരുത്തിക്കൊണ്ട്  " എന്നാ പിന്നെ ഞാൻ കുട്ടി വലുതായിട്ട് വരാം  " എന്ന് പറഞ്ഞ് സിറ്റ് ഔട്ടിൽ വെച്ച ഡയറി കക്ഷത്തു വെച്ചു കുഞ്ഞാണി റോട്ടിലേക്കിറങ്ങി .

      വല്യ എന്തോ ഒഴിഞ്ഞു പോയ നിർവൃതിയിൽ ഞങ്ങളും ശൈശവ വിവാഹത്തിന്റെ കേസ് ഒഴിഞ്ഞു പോയ സന്തോഷത്തിലോ നഷ്ടപ്പെട്ട ഒരു ദിവസത്തിന്റെ സങ്കടത്തിലോ  കുഞ്ഞാണിയും കണ്ണ് നിറച്ചു .


Monday 28 August 2017

പ്രണയ പരവശൻ

                  കൈ പൊക്കിയാൽ അണ്ടർ വെയറിന്റെ വീതിയുള്ള ഇലാസ്റ്റിക് കാണുന്ന ഷർട്ടും അരിപ്പൊടി മില്ലിലെ പൊടി മിഷ്യൻ്റെ താഴെ തൂക്കി ഇട്ട തുണി പോലെ തൂങ്ങി ആടുന്ന പാൻറ്സും ഇട്ടാൽ ആൺ സൗന്ദര്യത്തിന്റെ പ്രതീകമായി എന്ന് വിശ്വസിച്ചു പോന്നിരുന്ന കാലം .
പത്താം ക്ലാസ്സിൽ 2 വിഷയം വെട്ടിക്കുറച്ചതും 10 വിഷയം ആക്കിയതും ഗ്രേഡിംഗ് സിസ്റ്റം കൊണ്ട് വന്നതും ഒക്കെ ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ആയിരുന്നു .
കണക്ക് സാമൂഹ്യപാഠം കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഓണപ്പരീക്ഷ ക്രിസ്തുമസ് പരീക്ഷ എന്നിവയുടെ റിസൾട്ടുകൾ ആരും കാണാതെ പരലോകത്തേക്കയക്കുകയും അനിൽ മാഷിന്റെ കാരുണ്യത്തിൽ ബയോളജിക്കും തങ്കമ്മ ടീച്ചറുടെ കാരുണ്യത്തിൽ മലയാളത്തിനും മലയാളം രണ്ടിനും കിട്ടുന്ന 50 ഇൽ 30 മാർക്കിലും കൂടിയ ഉത്തര പേപ്പറുകൾ യഥാക്രമം ഇങ്ങോട്ടു ചോദിക്കാതെ തന്നെ വീട്ടുകാർക്കും കൂട്ടുകാർക്കും കാണിച്ചു കൊടുക്കുകയും വിരുന്നു കാർക്ക് കാണാൻ വേണ്ടി ഹാളിലെ ഷോകേസിൽ വെക്കുകയും ചെയ്ത് പോന്നു .
മക്കളെ ട്യൂഷന് വിടുന്നത് അഭിമാനത്തിന്റെ കൂടി ഭാഗമായിരുന്നത് കൊണ്ടും പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞിട്ട് സൽപുത്രന്റെ IAS നഷ്ടമാവേണ്ട എന്ന് കരുതിയത് കൊണ്ടും എന്നെ ട്യൂഷന് ചേർക്കുകയും അതിൻ്റെ തൽഫലമായി കാര്യഗൗരവം വരികയും . ഇനി പഠിത്തത്തിൽ മാത്രമായിരിക്കും എന്റെ ചിന്ത എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തപ്പെടുകയും ചെയ്തു .
പഠിത്തം കാര്യമായി നടക്കുന്നില്ലെങ്കിലും മറ്റു ദുഷ്ച്ചിന്തകളിൽ നിന്ന് എനിക്ക് രക്ഷ തരണേ എന്ന് 5 കിലോമീറ്റർ ചുറ്റളവിൽ കുടിയിരിക്കുന്ന എല്ലാ ദൈവങ്ങളോടും നേരിട്ട് പോയും ബാക്കി ഉള്ളവരോട് തപാൽ വഴിയും അപേക്ഷിച്ചു കൊണ്ടിരുന്നു .
ആ കാലത്താണ് പെട്ടന്നൊരു ദിവസം എൻ്റെ മുന്നിൽ ഒരു ലലനാമണി പ്രത്യക്ഷപ്പെട്ടത് . മുന്നിൽ നിന്ന ഉമ്മച്ചിക്കുട്ടിയുടെ നടുപ്പുറത് പള്ളിത്താഴം പെരുന്നാളിന്റെ ബാൻഡ് കണക്കെ ഡ്ഡും എന്ന ശബ്ദത്തിൽ ഒരു അടി അടിച്ചു തിരിഞ്ഞോടുകയാണ് നായിക . ജനാല കർട്ടൻ കൂട്ടി അടിച്ച പോലെ ഉള്ള  അന്നത്തെ ഫാഷൻ ആയ പാട്ട്യാല  ഡിസൈൻ ചുരിദാറിന്റെ പാന്റ് ഓടാൻ ബുദ്ധിമുട്ടായ കാരണം പൊക്കി പിടിച്ചുള്ള അവളുടെ ഓട്ടം പത്താം ക്ലാസ്സു കാരിയുടെ അങ്ങേയറ്റത്തെ പക്വതയെ എടുത്തു കാണിച്ചു . കൂട്ടുകാരിയുടെ രണ്ടു മടങ്ങ് ശക്തി കൂടിയ തിരിച്ചടിയുടെ ആനന്ദത്തിൽ അവളിൽ നിന്നുയർന്ന നിലവിളി വന്നു വീണത് എൻ്റെ ഹൃദയത്തിന്റെ മേൽ ആയിരുന്നു . ഇത്ര മേൽ പക്വതയും കുലീനതയും ഇന്നാൾ വരെ ദർശിക്കയില്ലായ്കയിൽ പ്രതിജ്ഞയും ലക്ഷ്യവും ഞാൻ മറക്കുകയായിരുന്നു .
പല തവണ പലരോടും പ്രേമം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും അവർ അറിയാതിരുന്നതിനാൽ ഒന്നും എന്നെ ബാധിച്ചിരുന്നില്ല . പക്ഷെ ഉള്ളിൽ നിന്നും ഉന്തി വിടുന്ന മനസും അവളുടെ ചിരിയും എന്നെ അവളെ സമീപിക്കാൻ തന്നെ പ്രാപതനാക്കി .
അങ്ങനെ എല്ലാം തീരുമാനിച്ച ആ ദിവസം പക്വതക്ക് വേണ്ടി യൂനിഫോം ഷർട്ടിന്റെ കൂടെ വെള്ള മുണ്ടും ഉടുത്ത് അവളുടെ ക്ലാസ്സിന്റെ മുന്നിലെ വരാന്തയിൽ പോയി നിന്ന് ക്ലാസ്സിലെ സുഹൃത്തിന്റെ അടുത്ത് അവളോട് പുറത്തേക്ക് വരാനുള്ള സന്ദേശവും കൊടുത്ത് വിട്ട് കാത്തു നിൽക്കുകയായിരുന്നു ഞാൻ .
അവൾ ക്ലാസ്സിന്റെ പുറത്തേക്ക് വന്ന നിമിഷവും ആ വഴി പാസ് ചെയ്ത ഇത്തിരി ബുദ്ധി കൂടുതലുള്ള എൻ്റെ ക്ലാസ്സ്‌മേറ്റ് മമ്മാലി എന്ന മുഹമ്മദ് അലി എന്റെ ഉടുമുണ്ട് വലിച്ചഴിച്ചതും ഒരുമിച്ചായിരുന്നു .
ഹോം വർക്ക് ചെയ്യാത്തതിന് തന്നെ അടിച്ച കൃഷ്ണൻ മാഷിന്റെ വടി പിടിച്ച് പൊട്ടിക്കുകയും കൃഷ്ണൻ മാഷ് + ലീല ടീച്ചർ എന്ന് ക്ലാസ്സിലെ ചുമരിൽ എഴുതി ഇടുകയും ക്ലാസ്സിലെ പെൺകുട്ടികളോട് ഒന്നും രണ്ടും പറഞ്ഞ് മൂന്നാമത് മേലേക്ക് തുപ്പുകയും ചെയ്യുന്ന മമ്മാലിക്ക് എന്റെ മുണ്ട് കണ്ടപ്പോൾ അഴിക്കാൻ തോന്നിയതിന് കുറ്റം പറയാൻ പറ്റില്ലല്ലോ .
ഒറ്റ നിമിഷം കൊണ്ട് നടന്ന മഹാദുരന്തത്തിന്റെ ഞെട്ടൽ തീരും മുൻപേ അഴിഞ്ഞ മുണ്ട് വലിച്ചു കുത്തി പൊന്നി ബ്രാൻഡ് പച്ച കളർ ജെട്ടി അവൾ കണ്ടോ എന്ന സംശയത്തോടെ വളഞ്ഞ് നിന്ന് കൊണ്ട് ഞാൻ പറഞ്ഞു . ” ഐ ലവ് യു ” .